07 July Tuesday

കർഷക ജനതയുടെ മനമറിഞ്ഞ‌്...

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

 ഇടുക്കി

ജില്ലയിലെ ഭൂമിപ്രശ‌്നങ്ങളിൽ കർഷകർക്ക‌് അതിവേഗം പരിഹാരം കാണാൻ ശ്രമിക്കുന്ന എൽഡിഎഫ‌് സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുന്ന യുഡിഎഫിന്റെ രാഷ‌്ട്രീയ ഗൂഢലക്ഷ്യത്തെ തുറന്നുകാട്ടി സിപിഐ എം ജാഥകൾ. ഭൂപ്രശ‌്നങ്ങളിൽ എത്രയും വേഗം പരിഹാരം കാണണമെന്ന‌് ആവശ്യപ്പെട്ടുള്ള ജാഥയ്‌ക്ക്‌ എല്ലാവിഭാഗം ആളുകളുടെയും ഊഷ്‌മളമായ സ്വീകരണം ലഭിച്ചു. 
തൊടുപുഴയിൽ ആവേശോജ്വല സ്വീകരണം 
ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ‌് നയിക്കുന്ന ജാഥ തൊടുപുഴ ഏരിയയിൽ പര്യടനം പൂർത്തിയാക്കി. രാവിലെ മ്രാലയിലായിരുന്നു ആദ്യസ്വീകരണം. കരിങ്കുന്നം, പുറപ്പുഴ, വഴിത്തല, ചിറ്റൂർ, മണക്കാട‌്, കോലാനി, തൊടുപുഴ വെസ‌്റ്റ‌്, ഈസ‌്റ്റ‌്, തെക്കുംഭാഗം, കാരിക്കോട‌്, ഇടവെട്ടി, മുതലക്കോടം, ഏഴല്ലൂർ, കുമാരമംഗലം എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വെങ്ങല്ലൂരിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ജില്ലാ കമ്മിറ്റിയംഗം റോമിയോ സെബാസ‌്റ്റ്യൻ, കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ, തൊടുപുഴ ഏരിയ സെക്രട്ടറി മുഹമ്മദ‌് ഫൈസൽ, ടി ആർ സോമൻ എന്നിവർ സംസാരിച്ചു. ബുധനാഴ്‌ച മൂലമറ്റം ഏരിയയിൽ പര്യടനം ആരംഭിക്കും. മുത്തിയുരുണ്ടയാർ, മൂലമറ്റം ടൗൺ, അശോകക്കവല, പൂമാല, ഇളംദേശം, ചിലവ്, കുട്ടപ്പൻകവല, മുട്ടം ടൗൺ, കോളപ്ര എന്നിവിടങ്ങളിൽ പര്യടനം നടത്തി കാഞ്ഞാറിൽ സമാപിക്കും.
ഗംഭീര സ്വീകരണമൊരുക്കി തൊഴിലാളികളും കർഷകരും
ഭൂഭേദഗതി ചട്ടത്തിൽ ഉൾപ്പെട്ട ആനവിലാസത്തും ജനങ്ങളുടെ വിശ്വാസം കാക്കുന്ന ഊഷ്മള സ്വീകരണം. ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ നയിക്കുന്ന പ്രചാരണ ജാഥയെ ആവേശത്തോടെയാണ്‌ വരവേറ്റത്‌. ആനവിലാസത്ത്‌ ജാഥയ്‌ക്ക്‌ സ്വീകരണം നൽകാനായി തൊഴിലാളികളും കർഷകരും അണിനിരന്നു. പഴങ്ങളും നാണ്യവിളകളും സുഗന്ധവ്യജ്ഞനങ്ങളുമൊക്കെ നൽകിയാണ് അവർ ജാഥ ക്യാപ്റ്റനെ സ്വീകരിച്ചത്. തുടർന്ന് ചപ്പാത്ത്, മാട്ടുക്കട്ട, ചേറ്റുകുഴി, നെറ്റിത്തൊഴു, പുറ്റടി, കടശ്ശികടവ്, ആറാം മൈൽ എന്നീ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം അണക്കരയിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. നേതാക്കളായ കെ എസ് മോഹനൻ, എൻ കെ ഗോപിനാഥൻ, കെ ആർ സോദരൻ, നിശാന്ത് വി ചന്ദ്രൻ, ടി എസ് ബിസി, പി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സതീഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജാഥ ബുധനാഴ്‌ച രാവിലെ ഒമ്പതിന്‌ വെള്ളിലാംകണ്ടത്തുനിന്ന്‌ പര്യടനം ആരംഭിക്കും. കാഞ്ചിയാർ, ചെമ്പകപ്പാറ, ഇരട്ടയാർ , പുളിയൻമല, 20 ഏക്കർ, വെള്ളയാംകുടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം വൈകിട്ട്‌ 5.30ന്‌ കട്ടപ്പന മുനിസിപ്പൽ മിനി സ്‌റ്റേഡിയത്തിൽ സമാപിക്കും. 
പണിമുടക്കി പിറന്ന മണ്ണിനായി
രാജാക്കാട് 
ജില്ല സെക്രട്ടറിയറ്റംഗം കെ വി ശശി നയിക്കുന്ന ജില്ലാ ജാഥയ്ക്ക് അവേശകരമായ സ്വീകരണം നൽകി. തോട്ടം തൊഴിലാളികളും കൃഷിക്കാരും തൊഴിലാളികളും പണിമുടക്കി ജാഥയെ സ്വീകരിക്കാൻ എത്തിയിരുന്നു. രാജകുമാരിസൗത്തിൽനിന്ന് ആരംഭിച്ച് രാജകുമാരി നോർത്ത്, ഖജനാപ്പാറ, ബൈസൺവാലി, പൊട്ടൻകാട്, മുല്ലക്കാനം, രാജാക്കാട്, എൻആർ സിറ്റി, മുനിയറ, കൊന്നത്തടി, അഞ്ചാംമൈൽ, കമ്പിളികണ്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം പാറത്തോട്ടിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ കെ വി ശശി, എൻ വി ബേബി, വി എ കുഞ്ഞുമോൻ, ഷൈലജ സുരേന്ദ്രൻ, വി സിജിമോൻ, എം എൻ ഹരിക്കുട്ടൻ, ടി എം കമലം എന്നിവർ സംസാരിച്ചു. ബുധനാഴ്‌ച ശാന്തൻപാറ ഏരിയയിൽ പര്യടനം നടത്തും. രാവിലെ ഒമ്പതിന്‌ പാറത്തോട്ടിൽനിന്ന്‌ ആരംഭിച്ച്‌ ആനയിറങ്കലിൽ സമാപിക്കും.
ഭൂവിനിയോഗ ചട്ടങ്ങളിൽ കാലാനുസൃതമാറ്റം അനിവാര്യം: 
കെ കെ ജയചന്ദ്രൻ
അണക്കര
ഭൂവിനിയോഗ ചട്ടങ്ങളിൽ കാലത്തിന്‌ അനുസൃതമായ ഭേദഗതികൾ ആവശ്യമാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് അനുകൂലമാവണം ഭൂവിനിയോഗ നിയമം. അണക്കരയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാഡ്കിൽ–- കസ്തൂരിരംഗൻ റിപ്പോർട്ട് ഇറങ്ങിയതും ഇവരുടെ ഭരണകാലത്താണ്‌. എന്നാൽ, യാഥാർഥ്യം മറച്ചുപിടിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വം. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും കപടവുമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. ടൂറിസം, കാർഷിക, വ്യാവസായിക രംഗത്തിന്‌ കോട്ടം വരാതെ ജില്ലയുടെ സമഗ്ര വികസനത്തിനുള്ള ഭൂവിനിയോഗ ചട്ടഭേദഗതിയാണ്‌ സർക്കാർ നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top