19 September Thursday

കുരുന്നുകളുടെ ‘ഒരു മുട്ട’ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

തൊടുപുഴ സെന്റ‌് സെബാസ‌്റ്റ്യൻസ‌് യുപി സ‌്കൂളിലെ കുട്ടികൾ ശേഖരിച്ച കോഴിമുട്ടകൾ മൃഗസംരക്ഷണവകുപ്പ‌് ഡെപ്യൂട്ടി ഡയറക്ടർ വീണ മരിയ എബ്രാഹവും ഡോ. ജിജിമോനും ചേർന്ന‌് ഏറ്റുവാങ്ങുന്നു

 തൊടുപുഴ
പ്രളയബാധിതർക്കായി ‘ഒരു മുട്ട’ സമ്മാനവുമായി തൊടുപുഴ സെന്റ‌് സെബാസ‌്റ്റ്യൻസ‌് യുപി സ്‌കൂൾ വിദ്യാർഥികൾ. സ‌്കൂളിൽ വിദ്യാർഥികൾക്ക്‌ വിതരണം ചെയ‌്ത കോഴികളുടെ മുട്ടകളാണ‌് പ്രളയബാധിതർക്ക്‌ സഹായത്തിനായി ശേഖരിച്ചത്. ഇത്തരത്തിൽ 1760 നാടൻ മുട്ടകൾ സ‌്കൂളിൽ സംഭരിക്കാനായി. മുട്ടകൾ നൽകാൻ കഴിയാത്ത കുട്ടികൾ 10 കോഴി മുട്ടയുടെ വിലയും നൽകി. മുൻ വർഷങ്ങളിൽ സ‌്കൂളിൽ ‘മുട്ട ഫെസ്റ്റ്' സംഘടിപ്പിച്ചും ബിരിയാണി കൊടുത്തും ആഘോഷമാക്കിയിരുന്നു കുഞ്ഞുകൂട്ടുകാർ. ഈ വർഷം ‘വിദ്യാർഥികളുടെ കരുതൽ സാമൂഹ്യസേവനത്തിന്' എന്ന ലക്ഷ്യത്തോടെയാണ് ദുരിതബാധിതരെ സഹായിക്കാൻ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പ്‌  
നടപ്പാക്കുന്ന സ്‌കൂൾ ജന്തു സൗഹൃദ ക്ലബ്‌ പദ്ധതിയുടെ ഭാഗമായാണ്‌ സ്‌കൂളുകളിൽ അഞ്ച്‌ കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നൽകുന്നത്‌. 
നഗരസഭാധ്യക്ഷ ജെസി ആന്റണി കുട്ടികൾ ശേഖരിച്ച ദുരിതാശ്വാസ ഫണ്ട‌് ഏറ്റുവാങ്ങി. മാനേജർ ഫാ. ജിയോ തടിക്കാട്ട് അധ്യക്ഷനായി. കോഴിമുട്ടകൾ ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. വീണ മരിയ അബ്രാഹം, ഡോ. ജിജിമോൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജില്ലാ യുവജനഫോറം നഗരസഭ കോ ഓർഡിനേറ്റർ ഷിജി ജെയിംസ‌്, തൊടുപുഴ എഇഒ എ അപ്പുണ്ണി, വാർഡ് കൗൺസിലർ സുമാമോൾ സ്റ്റീഫൻ, ഹെഡ്മാസ്റ്റർ ജെയ്സൺ ജോർജ‌്, അരുണിമ ധനേഷ്, എംപിടിഎ പ്രസിഡന്റ് ജിസി സാജൻ എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top