19 September Thursday

വഴിക്കണ്ണ്‌ പദ്ധതിയിൽ അദാലത്ത്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019
തൊടുപുഴ
വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി തൊടുപുഴയിൽ ട്രാഫിക് ലോക് അദാലത്ത് സംഘടിപ്പിച്ചു. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ പി ഉബൈദ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാൻ മുഹമ്മദ് വസിം അധ്യക്ഷനായി. ഒരു വർഷമായി തൊടുപുഴയിൽ വഴിക്കണ്ണ് പദ്ധതിയുടെ ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം, വാഹന പരിശോധന, കൗൺസലിങ്‌ എന്നിവ നടത്തുന്നു‌.
പരിശോധനകളിൽ ലൈസൻസില്ലാതെ വാഹനമോടിക്കുക, ഇൻഷുറൻസ് ഇല്ലാത്ത വാഹനം നിരത്തിൽ ഇറക്കുക തുടങ്ങിയ ഗൗരവകരമായ കേസുകൾ കണ്ടെത്തിയിരുന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സർവേയിൽ ഭൗതിക സൗകര്യങ്ങളുടെ കുറവും അപകടങ്ങൾക്ക് കാരണമാകുന്നതായി കണ്ടെത്തി.  
ജങ്‌ഷനുകളിൽ സ്പീഡ് നിയന്ത്രണത്തിനുള്ള സംവിധാനം, ദിശാ ബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ, ബസ് റൂട്ട് പ്രശ്‌നങ്ങൾ, സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്‌, നിയമവിരുദ്ധമായ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ, ഫുട്പാത്തുകളുടെയും റോഡ് പുറമ്പോക്കുകളുടെയും അനധികൃത കൈയേറ്റങ്ങൾ, അശാസ്ത്രീയമായ വഴിയോരക്കച്ചവടം, വൺവേ സംവിധാനത്തിലെ തകരാറുകൾ ഇവയെല്ലാം പരിഹരിക്കേണ്ടതുണ്ട്‌. ഈ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും പങ്കെടുപ്പിച്ച്‌ ട്രാഫിക് ലോക് അദാലത്ത് സംഘടിപ്പിച്ചത്.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ള, തൊടുപുഴ നഗരസഭാധ്യക്ഷ ജെസി ആന്റണി, തൊടുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോളി ജെയിംസ്, സി വി ഫ്രാൻസിസ്, സി കെ വിദ്യാസാഗർ, ജെയിംസ് ആനകല്ലുങ്കൾ, കെ എസ് അശോക്, സി എസ് ഡേവിഡ് എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top