19 September Thursday
ഒരു മീൻ 30 കിലോ, വില 7500

മത്സ്യാരണ്യകത്തിൽ വിൽപ്പന പൊടിപൊടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

ഇടുക്കി ഡാമിൽ നിന്നുലഭിച്ച 30 കിലോ തൂക്കം വരുന്ന മീൻ

 ഇടുക്കി

മായമില്ലാത്ത രുചിയേറും മീനുകൾ വേണോ? എങ്കിൽ മത്സ്യാരണ്യകത്തിലേക്ക്‌ വരാം. പുഴമത്സ്യംപോലെ ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തിൽ വളരുന്ന മീനുകൾ ഇവിടെ ലഭിക്കും. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭമാണ് ‘മത്സ്യാരണ്യകം'. വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് വിൽപ്പന നടത്തുന്നത്. 
മായമില്ലാത്ത മീനുകൾക്ക്‌ ആവശ്യക്കാരേറെയാണ്‌. തിങ്കളാഴ്ച മാത്രം ലഭിച്ചത് 17,300 രൂപയുടെ 69.2 കിലോ മീനാണ്. അതിൽ 7500 രൂപയുടെ 30 കിലോയുള്ള മീനും ഉൾപ്പെടുന്നു. 
കൊലുമ്പന്റെ പിൻമുറക്കാരായ കൊലുമ്പൻ കോളനി നിവാസികൾ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടിൽനിന്ന്‌ മീൻ പിടിക്കുന്നുണ്ട്. ഇവ വിറ്റഴിക്കുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് വനംവകുപ്പ് പദ്ധതി ആരംഭിച്ചത്.  
എല്ലാദിവസവും രാവിലെ 10ന്‌ വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളിൽനിന്ന്‌ ആവശ്യക്കാർക്ക് മുൻകൂർ ഓർഡർ ചെയ്ത്‌ കിലോയ്‌ക്ക്‌ 250 രൂപ നിരക്കിൽ നേരിട്ട്‌ മീൻ വാങ്ങാം. ഓർഡറുകൾ തലേദിവസം രാത്രി എട്ടിനുമുമ്പ്‌ പ്രത്യേക വാട്സാപ്പ് ഗ്രൂപ്പിൽ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ ഒമ്പതിന്‌ മുൻഗണന ക്രമത്തിൽ ഓർഡർ ഉറപ്പിച്ചതായി സന്ദേശം അയയ്‌ക്കുകയും 10ന്‌ മീൻ വാങ്ങാവുന്ന രീതിയിലുമാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. ബുക്കിങ്‌ നമ്പർ: 9074770213.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top