17 August Saturday

എയര്‍സ്ട്രിപ്പിനും മലയോര റെയിൽവേയ്‌ക്കും മുന്‍ഗണന: ജോയ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

ചെറുതോണി 

ഇടുക്കി പാർലമെന്റ‌് മണ്ഡലത്തിലുണ്ടായ വികസന മുന്നേറ്റം മുന്നോട്ട് കൊണ്ടുപോകാൻ പുതിയ പദ്ധതികൾക്ക് രൂപം നൽകുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 

അനുയോജ്യമായ സ്ഥലം കണ്ടെത്തി ചെറുവിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയുന്ന എയർസ്ട്രിപ്പ് മണ്ഡലത്തിൽ കൊണ്ടുവരും. ഇതിനുള്ള പ്രാഥമിക ചർച്ചകൾ കേന്ദ്ര സർക്കാരുമായി തുടങ്ങിവച്ചിട്ടുണ്ട്. തമിഴ്നാട് തേനിയിൽ എത്തിനിൽക്കുന്ന മലയോര റെയിൽവേ കൊങ്കൺ മാതൃകയിൽ കുമളി വഴി ശബരിമലയിലെത്തിക്കുന്നതിനുള്ള ചർച്ചകളും റെയിൽവേ മന്ത്രാലയവുമായി നടത്തിയിട്ടുണ്ട്. സാധ്യത പഠനത്തിന് കഴിഞ്ഞ ബജറ്റിൽ തുകയും അനുവദിച്ചിരുന്നു. കാലടി വരെയെത്തി നിൽക്കുന്ന അങ്കമാലി‐ ശബരി റെയിൽപാതയ‌്ക്ക‌് കിഫ്ബിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ പകുതി ചെലവ് ഏറ്റെടുക്കാൻ തയ്യാറായിരിക്കെ പദ്ധതിയുടെ പ്രവർത്തനം വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്.

ജനങ്ങൾ ഒരു തവണകൂടി അവസരം നൽകിയാൽ മുൻഗണന നൽകുന്ന പദ്ധതികളെക്കുറിച്ചാണ് സ്ഥാനാർഥി വ്യക്തമാക്കിയത്. മലങ്കര‐ തൊടുപുഴ‐ മൂവാറ്റുപുഴ‐ വൈക്കം ജലപാതയും ഇൻലാൻഡ് ടൂറിസവും ആരംഭിക്കുന്നതിന് സാധിക്കും. കായനാടുള്ള ചെക്ക് ഡാമുകൂടി തുറന്നാൽ ഒരിക്കലും വറ്റാത്ത ഈ പുഴയിലൂടെ ഹൗസ്ബോട്ട് സർവീസും ആരംഭിക്കാൻ കഴിയും. 

പളനി‐ ശബരിമല തീർഥാടന ഹൈവേ നിർമാണം പൂർത്തിയാക്കേണ്ടതുണ്ട്. അതിനോടൊപ്പം മണ്ഡലത്തിലെ മൂന്ന‌് ദേശീയപാതകളുടേയും രണ്ടാംഘട്ട വികസനം യാഥാർഥ്യമാക്കണം. അടിമാലി– കുമളി ദേശീയപാത എൻഎച്ച് 185ന്റെ രണ്ടാംഘട്ട വികസനത്തിൻറെ സർവെ നടപടികൾ പുരോഗമിക്കുകയാണ്. ഡൽഹിയിൽനിന്നുള്ള കൺസൾട്ടൻസിയാണ് ഡിപിആർ തയ്യാറാക്കുന്നത്. കൊച്ചി‐ ധനുഷ‌്കോടി ദേശീയപാതയുടെ ഭാഗമായ മൂവാറ്റുപുഴ‐ കോതമംഗലം‐ മൂന്നാർ പാത നാലുവരിയാക്കുന്നതിന് ഹൈവേ മന്ത്രാലയം ഇപ്പോൾതന്നെ തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ തുടർനടപടികൾ മുന്നോട്ടു കൊണ്ടുപോകുകയാണ് ലക്ഷ്യം. ചെറുതോണി പാലം നിർമാണം പൂർത്തിയാക്കുന്നതോടൊപ്പം ദേശീയപാതയിലുള്ള പെരുമറ്റം, നേര്യമംഗലം പാലങ്ങളും പുനർനിർമിക്കും. കൂടുതൽ സിആർഎഫ് റോഡുകളും പിഎംജിഎസ‌്‌‌വൈ  റോഡുകളും കൊണ്ടുവരുന്നതിനോടൊപ്പം ഐഐടിക്കും കാർഷിക കോളേജിനുമായി പരിശ്രമങ്ങൾ നടത്തും.

 ഇടുക്കി മെഡിക്കൽ കോളേജ് അത്യാധുനിക റിസർച്ച് സെന്ററായി ഉയർത്തും. പട്ടികജാതി, പട്ടികവർഗ, ദളിത് വിദ്യാർഥികൾക്കായി റസിഡൻഷ്യൽ കോളേജിന് ശ്രമം നടത്തും. മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകളും യാഥാർഥ്യമാക്കുന്നതിന് മുൻഗണന നൽകും. കഴിഞ്ഞ അഞ്ച് വർഷവും വിശ്രമം എന്തെന്ന് അറിയാതെ ഓരോ ഫയലുകൾക്ക് പിന്നാലെ നിരന്തരം പിന്തുടർന്നതുകൊണ്ടാണ് 4750 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനായത്. തുടർന്നും ജനങ്ങളോടൊപ്പംനിന്ന് മറ്റ് മണ്ഡലങ്ങൾക്കൊപ്പം നമ്മുടെ നാടിനെയും ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള വിശ്രമരഹിതമായ പ്രവർത്തനങ്ങളാണ് ജനങ്ങൾക്ക് ഉറപ്പുനൽകുന്നതെന്നും ജോയ്സ് ജോർജ് പറഞ്ഞു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top