22 July Monday

ഹൈറേഞ്ചിൽനിന്ന് കൊക്കോ കൃഷിയും പടിയിറങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
രാജാക്കാട്
കാലാവസ്ഥാ വ്യതിയാനത്തിൽ ഹൈറേഞ്ചിൽനിന്നും കൊക്കോ കൃഷിയും പടിയിറങ്ങുന്നു. കടുത്ത ചൂടിൽ കൊക്കോ പൂക്കളും ചെറുകായ്കളും കരിഞ്ഞുണങ്ങി നശിക്കുകയാണ്. ഇതോടെ കായ്കളുടെ വിളവെടുപ്പ് കഴിഞ്ഞാൽ കൊക്കോ ഉൽപാദനം പൂർണമായി നിലയ്ക്കും. കടുത്ത വരൾച്ചയിൽ ഹൈറേഞ്ചിലെ മറ്റ് കാർഷിക വിളകൾക്കൊപ്പം കൊക്കോ കൃഷിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വേനൽച്ചൂട് ക്രമാതീതമായി വർധിക്കുകയും യഥാസമയം മഴ ലഭിക്കാത്തതുമാണ് കൊക്കോ കൃഷിക്ക‌് തിരിച്ചടിയായത്.
   മറ്റ് കൃഷികളെ അപേക്ഷിച്ച് വലിയ മുതൽമുടക്കും പരിപാലനവും ആവശ്യമില്ലാത്ത കൊക്കോയാണ് ഹൈറേഞ്ചിലെ കർഷകർക്ക് ആശ്വാസകരമായിരുന്നത്. എന്നാൽ, നിലവിൽ കൊക്കോ കൃഷി കൂടി പടിയിറങ്ങുന്ന അവസ്ഥയിലാണ്. പുതുതായി വിരിയുന്ന പൂവുകളും മുമ്പ് ഉണ്ടായ കായ്കളും വ്യാപകമായി കരിഞ്ഞുണങ്ങുന്നു. പൂവുകൾ പൂർണമായി നശിക്കുന്നതിലൂടെ മുമ്പോട്ടുള്ള ഉൽപാദനം ഇല്ലാതാവും. 
കൊക്കോയ‌്ക്ക‌് മോശമല്ലാത്ത വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനത്തിലുണ്ടായ കുറവ് വലിയ തിരിച്ചടിയാണ്. കടുത്ത വേനലിൽ പൂവുകൾ കൂടി കരിഞ്ഞുണങ്ങുന്ന അവസ്ഥയിൽ ഹൈറേഞ്ചിലെ കർഷകരുടെ ഏക പ്രതീക്ഷയായിരുന്ന കൊക്കോയും മലയോരത്തുനിന്നും പടിയിറങ്ങുകയാണ‌്.
 
 
പ്രധാന വാർത്തകൾ
 Top