23 May Thursday

മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019

 മൂന്നാർ

ഈസ്റ്റർ അവധി പ്രമാണിച്ച് മൂന്നാറിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ് എന്നിവടങ്ങളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിൽ രാവിലെ മുതൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. 
     സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ രാജമല സന്ദർശിച്ചു. സന്ദർശകരുടെ അടുക്കലേക്ക് ഓടിയെത്തുന്ന വരയാടിന്റെ കുഞ്ഞുങ്ങൾ കുട്ടികൾക്ക് കൗതുക കാഴ്ചയായി. മൂന്നാറിൽനിന്നും നയമക്കാട് അഞ്ചാം മൈലിലെത്തുന്ന വിനോദ സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനത്തിലാണ് രാജമലയിലേക്ക് കൊണ്ടു പോകുന്നത്.  ആയിരക്കണക്കിന് സന്ദർശകരാണ് രണ്ടു ദിവസങ്ങളിലായി എത്തിയത്. 
   മാട്ടുപ്പെട്ടിയിലും എക്കോ പോയിന്റിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സ്കൂൾ കുട്ടികളും അധ്യാപകരും അടങ്ങുന്ന നിരവധി സംഘമാണ് ഇവിടെ സന്ദർശനം നടത്തിയത്. ബോട്ടിങ് നടത്തുന്നതിനും തിരക്ക് ഉണ്ടായി.  രാജമല, മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങിയ ടൂറിസ്റ്റുകളുടെ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ടു. പൊലീസ് നടത്തിയ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് വാഹനങ്ങൾക്ക്‌ കടന്നുപോകാൻ കഴിഞ്ഞത്.
 
 
പ്രധാന വാർത്തകൾ
 Top