01 December Tuesday
കട്ടപ്പന നഗരസഭ

ജനവിരുദ്ധ ബജറ്റ് പ്രതിപക്ഷം കീറിയെറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 കട്ടപ്പന

കർഷകരെയും സാധാരണക്കാരെയും മറന്നുള്ള കട്ടപ്പന നഗരസഭ ബജറ്റിൽ പ്രതിഷേധിച്ച്‌ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം. ചർച്ചയ്‌ക്കിടെ ബജറ്റിലെ ന്യൂനതകൾ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചെങ്കിലും ഭരണപക്ഷം ഇതൊന്നും അംഗീകരിച്ചില്ല. ചർച്ചകൾക്ക്‌ മറുപടി പറയാതെ ബജറ്റ്‌ പാസാക്കിയതിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ ബജറ്റ്‌ കീറിയെറിയുകയും കൗൺസിൽ യോഗം ബഹിഷ്‌കരിക്കുകയും ചെയ്‌തു.
 കൃഷി, ടൂറിസം, കുടിവെള്ളം, വനിതകളുടെ ഉന്നമനം എന്നിവയെല്ലാം ബജറ്റിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. പ്രതിപക്ഷത്തുനിന്ന്‌ സി കെ മോഹനൻ ആണ്‌ ബജറ്റ്‌ ചർച്ചയിൽ ആദ്യം പങ്കെടുത്തത്‌. കഴിഞ്ഞ ബജറ്റിലെ പദ്ധതികൾ ഒന്നും നടപ്പാക്കാതെയാണ്‌ പുതിയ വാഗ്‌ദാനവുമായി എത്തിയതെന്ന്‌ സി കെ മോഹനൻ കുറ്റപ്പെടുത്തി. 
നഗരസഭ ക്യാന്റീൻ, മിനി എസി ഓഡിറ്റോറിയം, വാർഡുകളിൽ ഫെസിലിറ്റേഷൻ സെന്റർ, മുനിസിപ്പൽ പാർക്ക്‌ എന്നിവയ്‌ക്ക്‌ മുൻവർഷം കോടികൾ വച്ചിരുന്നെങ്കിലും ഒന്നും നടപ്പായില്ല. നടക്കാത്ത പദ്ധതികളുടെ പുനരവതരണം മാത്രമാണിത്‌.
 ലിങ്ക്‌ റോഡുകളുടെ അറ്റകുറ്റപ്പണിപോലും നടത്തിയിട്ടില്ല. പഴയ സ്റ്റാൻഡിലെ പാർക്കിങ് സൗകര്യത്തിന്‌ പുതിയ പദ്ധതി വച്ചത്‌ അപ്രായോഗികമാണ്‌.
 കാർഷിക മേഖലയെ പാടെ അവഗണിച്ചു. 109 കോടിയുട ബജറ്റിൽ 47 ലക്ഷം രൂപ മാത്രമാണ് വകയിരുത്തിയത്. നഗരസഭ ധനകാര്യ സ്ഥിരം സമിതി അംഗങ്ങളെ പോലും പങ്കെടുപ്പിക്കാതെയാണ്‌ ബജറ്റ്‌ തയ്യാറാക്കിയത്‌. വർഷവും കല്യാണത്തണ്ട്‌ കുടിവെള്ള പദ്ധതി എന്ന പേരിൽ ബജറ്റിൽ തുക വകയിരുത്തുന്നുണ്ടെങ്കിലും വിശദീകരിച്ചിട്ടില്ല. എല്ലാ അങ്കണവാടികൾക്കും വാട്ടർ പ്യൂരിഫയർ നൽകിയെങ്കിലും ബജറ്റിൽ വക ഉൾക്കൊള്ളിച്ചിരിക്കുന്നു. കല്ല്യാണത്തണ്ട് ടൂറിസം പദ്ധതിക്ക്‌ ഒരു കോടി രൂപയാണ്‌ വകയിരുത്തിയിരിക്കുന്നത്‌. സർക്കാരും മറ്റ്‌ ത്രിതല പഞ്ചായത്തുകളും ടൂറിസം രംഗത്ത്‌ വലിയ കുതിച്ചുചാട്ടമാണ്‌ നടത്തുന്നത്‌. എന്നാൽ, നഗരസഭ ടൂറിസംരംഗത്തെ പാടെ അവഗണിക്കുകയാണ്‌. സ്‌റ്റേഡിയം നിർമാണത്തിന്‌ 2.5 കോടി രൂപ വകയിരുത്തിയെങ്കിലും എവിടെയാണ്‌ സ്ഥലം ഏറ്റെടുക്കുന്നതെന്ന്‌ വ്യക്തമാക്കിയിട്ടില്ല. എല്ലാ വർഷവും ടൗൺഹാളിന്‌ പണം മാറ്റിവയ്‌ക്കുന്നത്‌ നിർത്തി പുതിയ ടൗൺ ഹാൾ പണിയണമെന്ന്‌ ചർച്ചയിൽ എല്ലാവരും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top