04 June Thursday

മന്ത്രി ശാസിച്ചു; റോഡുപണി ഹൈസ്‌പീഡിൽ

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
 
ചെറുതോണി
മന്ത്രി ജി സുധാകരന്റെ ശാസനയിൽ ചെറുതോണി–- പാറമട റോഡിന് ശാപമോക്ഷം. 19 വർഷമായി പണി മുടങ്ങിക്കിടന്ന റോഡ് ബിഎം ബിസി നിലവാരത്തിലേക്ക്. ഒരാഴ്ചയ്‌ക്കുള്ളിൽ ചെറുതോണി ടൗൺ വരെയുള്ള ടാറിങ്‌ പൂർത്തിയാകും. പ്രളയ പുനർനിർമാണത്തിന്റെ ഭാഗമായി 20 കോടി രൂപയാണ്‌ റോഡിന്‌ അനുവദിച്ചിരിക്കുന്നത്. 1996– 2001 ൽ ഇ കെ നായനാർ മുഖ്യമന്ത്രി ആയിരിക്കെയാണ് തൊടുപുഴ മുതൽ പാറമട വരെ ടാറിങ്ങിന്‌ ഫണ്ട് അനുവദിച്ചത്. കെഎസ്ടിപിക്കായിരുന്നു നിർമാണ ചുമതല. പിന്നീട് എംഎൽഎ ആയിവന്ന റോഷി അഗസ്റ്റിന്‌ 19 വർഷം കഴിഞ്ഞിട്ടും റോഡ്‌ ടാറിങ്ങിനായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വനത്തിലൂടെ ബിഎം ബിസി ടാറിങ്‌ നടത്താൻ കഴിയില്ലെന്ന ഇല്ലാക്കഥ മെനഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. 
നുണക്കഥയെ പൊളിച്ചടുക്കിയാണ് ഇടതു സർക്കാരിന്റെ ഇച്ഛാശക്തിയിൽ സുപ്രധാനമായ ഈ റോഡ് മികച്ച നിലവാരത്തിലേക്ക് ഉയരുന്നത്. 2018 ലെ പ്രളയശേഷം റോഡ് പുനർനിർമാണത്തിനായി വൈദ്യുതി മന്ത്രി എം എം മണി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, എംപിയായിരുന്ന ജോയ്സ് ജോർജ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി വി വർഗീസ് എന്നിവർ മന്ത്രി ജി സുധാകരനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 20 കോടി രൂപ ഈ റോഡിനായി അനുവദിച്ചത്. 
എന്നാൽ, എംഎൽഎ ഇടപെട്ട് ഈ ഫണ്ട്  മറ്റു ചെറിയ റോഡുകൾക്കായി മാറ്റുകയും മന്ത്രിക്ക് ഇവയുടെ പട്ടിക നൽകുകയും ചെയ്തു. എംഎൽഎയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച മന്ത്രി ചെറിയ റോഡുകളുടെ പട്ടിക ഒഴിവാക്കി മുഴുവൻ തുകയും ചെറുതോണി–- പാറമട റോഡിനുതന്നെ ഉപയോഗിക്കാൻ കർശന നിർദേശം നൽകുകയുമായിരുന്നു. തുടർന്ന് മന്ത്രി കട്ടപ്പനയിൽ വിളിച്ച പൊതുമരാമത്ത് വകുപ്പിന്റെ അവലോകന യോഗത്തിൽനിന്ന് എംഎൽഎ വിട്ടുനിന്നു. ഈ നടപടിയെ മന്ത്രി വിമർശിക്കുകയും ചെയ്തിരുന്നു.
 
 
പ്രധാന വാർത്തകൾ
 Top