04 April Saturday

അനന്തരം സൂപ്രണ്ട്‌ ചൂലെടുത്തു...

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
തൊടുപുഴ
രക്ഷിതാക്കളുടെ പരാതി പരിശോധിക്കാൻ സ്‌കൂളിൽ എത്തിയ ഉപജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ കണ്ടത്‌ ഉച്ചഭക്ഷണ സാമഗ്രികൾ സൂക്ഷിക്കുന്ന മുറിയിലെ വൃത്തിഹീനത. ‘എന്തേ... വൃത്തിയാക്കാത്തത്‌?’ എന്ന ചോദ്യത്തിന്‌ ‘സമയം കിട്ടിയില്ല’ എന്ന്‌ മറുപടി.
ചെറിയ മുറി വൃത്തിയാക്കാൻ എന്തിനിത്ര സമയമെന്ന്‌ ചോദിച്ച്‌ ചൂലെടുത്ത സൂപ്രണ്ട്‌ വെറും മൂന്നു മിനുട്ടിൽ മുറി വൃത്തിയാക്കിയപ്പോൾ മറുപടി പറഞ്ഞവരുടെ മുഖം കുനിഞ്ഞു. വീഴ്‌ച വരുത്തിയവർക്ക്‌ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും സൂപ്രണ്ടിന്റെയും കർശന താക്കീതും. തൊടുപുഴ നഗരത്തിന്‌ സമീപ പഞ്ചായത്തിലെ സർക്കാർ സ്‌കൂളിലായിരുന്നു പരിശോധന. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ അപ്പുണ്ണി, സൂപ്രണ്ട്‌ ജയശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥസംഘം. സർക്കാർ വിദ്യാലയങ്ങൾ വൃത്തിയാക്കാൻ ചുമതലപ്പെട്ടവർ അത് നിർവഹിക്കുന്നില്ലെന്ന ആക്ഷേപം പണ്ടേയുണ്ട്‌. സ്കൂൾ മുറികൾ ദിവസവും വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്‌ പ്രഥമാധ്യാപകനാണ്‌. ഒരേ ഹാജർ പുസ്‌തകത്തിലാണ്‌ പ്രഥമാധ്യാപകനും ശുചീകരണ ജോലിക്കാരനും ഒപ്പുവയ്‌ക്കുന്നത്‌. എല്ലാ പ്രവൃത്തിദിവസവും കൃത്യസമയത്ത്‌ സ്കൂളിൽ എത്താതെ ഒപ്പിടുന്ന പ്രഥമാധ്യാപകരുണ്ട്‌. സ്വന്തം ചുമതല നിർവഹിക്കാത്ത ഇവർക്ക്‌ കീഴ്ജീവനക്കാർക്ക്‌ കർശന നിർദേശം നൽകാൻ കഴിയുന്നില്ലെന്നതാണ്‌ ആക്ഷേപം.
 
 
പ്രധാന വാർത്തകൾ
 Top