05 December Thursday
ഗ്യാപ്‌ റോഡിലെ മലയിടിച്ചിൽഗ്യാപ്‌ റോഡിലെ മലയിടിച്ചിൽ

എൻഐടി വിദ്‌ഗധർ പരിശോധിച്ചു; റിപ്പോർട്ട്‌ രണ്ടാഴ്‌ചക്കുള്ളിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019

 

 
മൂന്നാർ 
കോഴിക്കോട് എൻഐടിയിൽനിന്നെത്തിയ വിദഗ്‌ധസംഘം മലയിടിച്ചിലുണ്ടായ ലാക്കാട് ഗ്യാപ്‌ പ്രദേശം പരിശോധിച്ചു. എൻഐടി മേധാവി ഡോ. ചന്ദ്രാധരൻ, ജില്ലാ ജിയോളജിസ്റ്റ് ഡോ. അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ഗ്യാപ്പിലെത്തി പരിശോധന നടത്തിയത്. പാറ, മണ്ണ് എന്നിവ ശേഖരിച്ചു. എൻഐടിയിലെ വിശദ പരിശോധന നടത്തി രണ്ടാഴ്ചയ്‌ക്കകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. 
അപകടങ്ങൾ ആവർത്തിക്കാതെ ഏതുവിധത്തിൽ നിർമാണ പ്രവർത്തനം നടത്താനാകുമെന്ന്  ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകും. രണ്ട് ദിവസത്തിനകം ഇടക്കാല റിപ്പോർട്ട് നൽകി നിലവിൽ റോഡിലേക്ക് വീണുകിടക്കുന്ന മണ്ണും പാറകളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. സെപ്തംബർ എട്ടിനുണ്ടായ മലയിടിച്ചിലിൽ ഒരാൾ മരിക്കുകയും ഒരാളെ കാണാതാകുകയും ചെയ്തിരുന്നു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. നാല് വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു. മലയിടിഞ്ഞ് വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടതോടെ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ ലാക്കാട് ഗ്യാപ്പിലെത്തി പരിശോധന നടത്തി. 
 സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോടുനിന്ന്‌ എൻഐടി സംഘം പരിശോധനയ്‌ക്കെത്തിയത്. റോഡ് തകർന്നതോടെ മൂന്നുമാസമായി ഗതാഗതം വഴിതിരിച്ച്‌ വിട്ടിരിക്കുകയാണ്‌.  എൻഐടി സംഘത്തിന്റെ സന്ദർശനത്തോടെ നിർത്തിവച്ചിരിക്കുന്ന നിർമാണം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
 
 
പ്രധാന വാർത്തകൾ
 Top