07 December Tuesday

ചെല്ലാർകോവിലിൽ ജനവാസമേഖലയിൽ പുലിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

പുലിയുടെ കാൽപ്പാട്

വണ്ടൻമേട് 
ജനങ്ങളെ ഭീതിയിലാക്കി ജനവാസമേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. അണക്കരയ്‌ക്ക്‌ സമീപം ചെല്ലാർകോവിൽ ഒന്നാംമൈലിലാണ് പുലി ഇറങ്ങിയത്. ശനി അർധരാത്രിയോടെ പ്രദേശവാസിയായ കിഴക്കേമുറിയിൽ സാബുവിന്റെ വീടിനോടു ചേർന്നുള്ള മുയൽക്കൂട് തകർക്കുകയും മുയലിനെ കൊന്നുതിന്നുകയും ചെയ്തു. 
  സമീപത്തെ വീട്ടിലെ സിസി ടിവി ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് വന്യമൃഗ സാന്നിധ്യം ഉറപ്പാക്കിയത്. പുലിയുടേതിന് സമാനമായ കാൽപ്പാടുകളും ഇവിടെനിന്ന്‌ ലഭിച്ചിട്ടുണ്ട്. ശക്തമായ മഴയായിരുന്നതിനാൽ അസ്വാഭാവികമായ ശബ്ദങ്ങൾ ഒന്നും കേട്ടിരുന്നില്ല എന്ന് വീട്ടുടമ സാബു പറഞ്ഞു. 
വനം വകുപ്പ് ഉദ്യോഗസ്ഥരും ചക്കുപള്ളം പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ചക്കുപള്ളം, ചെല്ലാർകോവിൽ മേഖലകളിൽ വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നതിനാൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ വനംവകുപ്പ് അധികൃതർ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ രാമചന്ദ്രൻ ആവശ്യപ്പെട്ടു. തമിഴ്നാട് അതിർത്തി മേഖലയിൽനിന്ന്‌ മൂന്നു കിലോമീറ്ററിലധികം ദൂരത്തിലാണ് പുലിയുടെ സാന്നിധ്യം കാണപ്പെട്ടത്. ഇത് പ്രദേശവാസികളെ ഏറെ ആശങ്കയിലാക്കുന്നുണ്ട്. ആട്, കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്ക് വന്യമൃഗങ്ങളിൽനിന്ന്‌ എങ്ങനെ സംരക്ഷണം ഒരുക്കും എന്ന ആശങ്കയിലാണ് പ്രദേശത്തെ കർഷകർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top