01 June Monday

വൺ എർത്ത് വൺ ലൈഫ് സംഘടനയുടെ പിന്നിലാരെന്ന് അന്വേഷിക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019
 ചെറുതോണി 
ജില്ലയിലെ ഭൂപ്രശ്നങ്ങളെ കോടതി വ്യവഹാരങ്ങളിലും നിയമക്കുരുക്കുകളിലും തളച്ചിടുന്ന വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടനയുടെ പിന്നിലാരെന്ന്‌ പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം വേണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ സി വി വർഗീസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
 എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുമായി കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം പുറത്തുവരുന്നതിലൂടെ ജില്ലയിലെ യുഡിഎഫിന്റെ മുഖം വികൃതമാകും. ഗാഡ്ഗിൽ–- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ നടപ്പാക്കാത്തതിൽ മോഹഭംഗം സംഭവിച്ചവർ പരിസ്ഥിതി സംഘടനയ്ക്കൊപ്പം ചേർന്ന് നിരന്തരം കോടതി വ്യവഹാരങ്ങളിലേക്ക് കടക്കുകയാണ്. കോടതിയും കോൺഗ്രസും യുഡിഎഫും പരിസ്ഥിതി സംഘടനകളും ചേർന്നൊരുക്കുന്ന കെണിയിൽനിന്ന്‌ ജില്ലയിലെ കർഷകരെ മോചിപ്പിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്തമാണ് ഇടതുപക്ഷവും പിണറായി സർക്കാരും നിർവഹിക്കുന്നത്‌. കുടിയേറ്റ കർഷകരെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യുഡിഎഫ് ജില്ലയിൽ സ്വീകരിച്ചിട്ടുള്ളത്. ജില്ലയുടെ കർഷക സമരങ്ങളുടെയും ഭൂമി പ്രശ്നങ്ങളുടെയും ചരിത്രം ഇതാണ് വ്യക്തമാക്കുന്നത്. അമരാവതിയിലും അയ്യപ്പൻകോവിലിലും കീരിത്തോട്ടിലുമെല്ലാം കർഷകരെ കുടിയിറക്കാനാണ് കോൺഗ്രസ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത്. ജില്ലയിലെ കർഷകഭൂമിയിൽ കണ്ണുവച്ച് അഖിലേന്ത്യ തലത്തിലും അന്തർദേശീയ തലത്തിലും നടത്തിയ ഗൂഢാലോചനയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ കർഷക ജനതയെ അന്യവൽക്കരിക്കാൻ നടത്തിയ എല്ലാ നീക്കങ്ങളെയും എതിർത്തുതോൽപിച്ചത് ഇടതുപക്ഷമാണ്.
ആന്റണി മുഖ്യമന്ത്രിയായിരിക്കെ മറയൂരിലും ചിന്നക്കനാലിലും വന്യ ജീവികൾക്കിടയിലാണ് ആദിവാസികൾക്ക് ഭൂമി നൽകിയത്. അവിടെ ആറുജീവനുകൾ പൊലിഞ്ഞു. പ്രാണരക്ഷാർഥം പെരിഞ്ചാംകുട്ടിയിൽ അഭയംതേടിയ ആദിവാസികളെ ഉമ്മൻചാണ്ടിയുടെ പൊലീസ് അടിച്ചിറക്കി.   ഒരേക്കർ ഭൂമി വീതം നൽകി 126 കുടുംബങ്ങളെ അവിടെ കുടിയിരുത്തിയത് പിണറായി സർക്കാരാണ്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആഗസ്‌ത്‌ 22ന് റവന്യൂ വകുപ്പ് പുറത്തിറക്കിയ ഭൂവിനിയോഗ ഉത്തരവും ജനപക്ഷ താൽപര്യം കണക്കിലെടുത്ത് സർക്കാർ ഭേദഗതി ചെയ്തു.
 യുഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയലാഭം കിട്ടുമോ എന്ന പരീക്ഷണമാണ്. ജനാധിപത്യത്തിൽ ചർച്ചകൾക്കുള്ള സ്ഥാനം വളരെ വലുതാണ്. എംപിയോ എംഎൽഎമാരോ ഡിസിസി നേതൃത്വമോ സർക്കാരുമായി ഒരു ചർച്ച പോലും നടത്താൻ തയ്യാറാകാതെയാണ് ഹർത്താലുമായി ഇറങ്ങിത്തിരിച്ചിട്ടുള്ളത്.
 കസ്തൂരിരംഗൻ സമരകാലത്ത് വിദേശയാത്രയ്‌ക്ക് പോയ കേരള കോൺഗ്രസ് നേതാക്കളും ഇപ്പോൾ മലകയറി വരികയാണ്. സമരം മറയാക്കി തമ്മിലടിയുടെ ക്ഷീണം തീർക്കാനാണ് അവർ ശ്രമിക്കുന്നത്. 1964 ലെയും  93 ലെയും ഭൂമിപതിവ് ചട്ടങ്ങളിൽ മാറ്റം വരുത്താനുള്ള നിയമനിർമാണമാണ് ശാശ്വതമായ പരിഹാരം.
 അതിനാവശ്യമായ ഇടപെടലുകൾ ഭരണതലത്തിൽ നടത്തുന്നതിനുപകരം ജാഥയും ഉപവാസവുമായി നടക്കുന്നതിന്റെ പിന്നിലെ ദുഷ്ടലക്ഷ്യം ജനങ്ങൾ തിരിച്ചറിഞ്ഞെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ കർഷകസംഘം നേതാക്കളായ ഇ എൻ ചന്ദ്രൻ, എം കെ ചന്ദ്രൻകുഞ്ഞ്, തോമസ് കാരക്കാവയലിൽ എന്നിവരും പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top