29 November Tuesday
ജില്ലയിൽ 18000 തെരുവുനായ്ക്കൾ

തീവ്രയജ്ഞ കർമ്മ പദ്ധതി ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022
ഇടുക്കി
പഞ്ചായത്തുകളിലെ താൽക്കാലിക ഷെൽട്ടറുകൾക്ക് പ്രഥമ പരിഗണനനൽകും. ഇതുസംബന്ധിച്ച്‌ വിളിച്ചു ചേർത്ത തദ്ദേശ ഭരണ അധികൃതരുടേയും ജില്ലാ തല നിർവഹണ ഉദ്യോഗസ്ഥരുടേയും ഓൺലൈൻ യോഗത്തിലാണ്‌ തീരുമാനം. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്‌ അധ്യക്ഷനായി. ഒക്ടോബർ 31 നകം വാക്സിനേഷൻ പൂർത്തീകരിക്കും. 20 മുതൽ ഒക്ടോബർ വരെ തെരുവു നായ്ക്കളുടെ തീവ്ര വാക്‌സിനേഷൻ ഡ്രൈവും തുടർന്ന് വളർത്തുനായ്ക്കളുടെ ലൈസൻസിങും നടത്തും. എല്ലാ പഞ്ചായത്തുകളിലും താൽക്കാലിക അഭയകേന്ദ്രങ്ങൾ അടിയന്തരമായി സ്ഥാപിക്കും. എബിസി സെന്ററുകൾ പൂർണമായി പ്രവർത്തന സജ്ജമാകാൻ ആറു മുതൽ എട്ട് മാസം വരെ ആവശ്യമാണ്‌. പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള ഷെൽട്ടർ മാനേജ്മെന്റ് കമ്മറ്റിക്കായിരിക്കും അഭയകേന്ദ്രങ്ങളുടെ ചുമതല. എബിസി സെന്ററുകൾ പ്രവർത്തന സജ്ജമാകുന്നത് വരെയാണ് താൽക്കാലിക അഭയകേന്ദ്രങ്ങൾ പ്രവർത്തിക്കുക. 
  മുട്ടം-കക്കൊമ്പ് വ്യവസായ എസ്റ്റേറ്റ്, നെടുങ്കണ്ടം വ്യവസായ എസ്റ്റേറ്റ്, മുതുവാൻകുടി വ്യവസായ എസ്റ്റേറ്റ്, ഉപ്പുതറ ചപ്പാത്ത് വ്യവസായ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടെ എബിസി  സെന്ററുകൾ സ്ഥാപിക്കും. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 1500 രൂപയാണ് ചെലവ്.  
തെരുവു നായകൾക്കും വീട്ടുനായകൾക്കുമുള്ള വാക്സിനേഷൻ- ലൈസൻസിങ് തീവ്രയജ്ഞം 20ന് തുടങ്ങും. ഒക്ടോബർ 31ന് മുമ്പ് വാക്സിനേഷൻ പൂർത്തീകരിക്കും. വാഗമണിലെ ലൈവ്സ്റ്റോക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിൽ 20ന് നടക്കുന്ന നായപിടുത്ത പരീശീലനത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന്‌ ഒരാളെ വീതം പങ്കെടുപ്പിക്കും. തെരുവുനായ വാക്സിനേഷന് ഇവരുടെ സേവനം ഉപയോഗപ്പെടുത്തും. 
   എംഎൽഎമാരുടെയും നോഡൽ ഓഫീസർമാരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് പദ്ധതിപുരോഗതി വിലയിരുത്തും.  ശുചിത്വയജ്ഞത്തിന്റെ ഭാഗമായി അറവുശാല, ഹോട്ടൽ, കാറ്ററിങ് സർവീസ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നടത്തുന്നവരുടെ യോഗം വിളിക്കും. 
തെരുവുനായ വാക്സിനേഷനിൽ സ്‌കൂൾ പരിസരങ്ങൾക്ക് മുൻഗണന നൽകും. തെരുവുനായ നിയന്ത്രണ തീവ്രയജ്ഞപരിപാടികളിൽ മൃഗസ്നേഹികൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, ജനമൈത്രി പോലീസ് തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും. പദ്ധതി പുരോഗതി നിരീക്ഷിക്കുന്നതിന് പഞ്ചായത്തുകളിൽ ജനകീയ കമ്മറ്റികൾ രൂപീകരിക്കും. 
കലക്ടർ ഷീബ ജോർജ്‌, ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, എഡിഎം ഷൈജു പി ജേക്കബ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ വി കുര്യാക്കേസ്, മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ. ബിനോയ് പി മാത്യു, മെഡിക്കൽ ഓഫീസർ സുരേഷ് വർഗീസ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.   

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top