15 October Tuesday

കെഎസ്‌ആർടിസി ഡ്രൈവർക്ക്‌ മർദനം; 5 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

 

അടിമാലി
കെഎസ്ആർടിസി ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അഞ്ച്‌ പേരെ അറസ്റ്റ് ചെയ്തു. കൊല്ലം നെയ്യനാട് തട്ടാമല പിണക്കൻ ഭാഗത്ത് അയിഷ മൻസലിൽ റഹ്മത്തുള്ള(22), കൊല്ലം മുളവന കുമ്പനംകരയിൽ തക്കൽ വിനീത്(23), കൊല്ലം തൃക്കടമ്പ് പുലിപ്പുഴക്കര ജോൺവില്ലയിൽ ഫെബി ഫ്രഡി(24), കൊല്ലം കുരിപ്പുഴ കുഴിക്കാട്ട് സുധീഷ് സുരേന്ദ്രൻ(20), കൊല്ലം ജോളി ജങ്ഷനിൽ താമസിക്കുന്ന തോമസ് ജഫ്‌റി(23) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ വാളറ പത്താംമൈൽ സ്വദേശി പ്രതീപി(38)നെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ബുധനാഴ്ച പകൽ 11ന് അടിമാലി ടൗണിൽ മൂന്നാർ റോഡിൽവച്ചാണ് ആക്രമിച്ചത്. ബസ് സൈഡ് നൽകിയില്ലെന്നാരോപിച്ച് ഇരുട്ടുകാനത്തുവച്ച് ബൈക്കിലെത്തിയ സംഘം ബസ് തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞു. ഇവിടെവച്ച് കൈയേറ്റം  ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും യാത്രക്കാർ ഇടപെട്ടതോടെ അക്രമികൾ പിന്തിരിഞ്ഞു. 
എന്നാൽ, അടിമാലി ടൗണിൽ യാത്രക്കാരെ ഇറക്കാൻ ബസ് നിർത്തിയപ്പോൾ ഇവിടെ എത്തിയ അക്രമികൾ ഡ്രൈവറെ ക്രുരമായി മർദിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇവരെ പിടികൂടി. മൂന്നാർ സന്ദർശിച്ചശേഷം കൊല്ലത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു അറസ്റ്റിലായവർ.
 
പ്രധാന വാർത്തകൾ
 Top