15 December Sunday

സിനിമയുടെ പെരുമഴക്കാലം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019
തൊടുപുഴ
തൊടുപുഴയിൽ ഇനി സിനിമകളുടെ പെരുമഴക്കാലം. തൊടുപുഴ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മൺസൂൺ ഫെസ്റ്റിന‌് 22ന‌് തുടക്കമാവുമെന്ന‌് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് കേരള ഘടകത്തിന്റെ സഹകരണത്തോടെ 22 മുതൽ 25 വരെ തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിലാണ‌് സിനിമാ പ്രദർശനം. രാവിലെ 10ന‌് നഗരസഭാധ്യക്ഷൻ പ്രൊഫ. ജെസി ആന്റണി ചലച്ചിത്രോത്സവം ഉദ‌്ഘാടനം ചെയ്യും. ബാലചലച്ചിത്രതാരം മീനാക്ഷി മഹേഷ് മുഖ്യാതിഥിയാവും. വിഖ്യാത ചലച്ചിത്രകാരൻ മജീദ് മജീദിയുടെ ലോകപ്രശസ്ത ചിത്രം ‘ചിൽഡ്രൺ ഓഫ് ഹെവൻ' പ്രദർശിപ്പിക്കും. വൈകിട്ട‌് 6.30ന് ജയരാജ് സംവിധാനം ചെയ്ത ദേശീയ അവാർഡ് കരസ്ഥമാക്കിയ മലയാളചിത്രം ‘ഭയാനകം' പ്രദർശിപ്പിക്കും. രണ്ടാംദിവസം വൈകിട്ട‌് 6.30ന് സ്പാനിഷ് ചിത്രം ‘ദി ഒലീവ് ട്രീ', 24ന‌് വൈകിട്ട് ലബനീസ് ചിത്രം ‘കാപർണാം' എന്നിവ പ്രദർശിപ്പിക്കും. സമാപന ദിവസം വൈകിട്ട് 6.30ന് കൊറിയൻ ചിത്രം ‘ലിറ്റിൽ ഫോറസ്റ്റ്' പ്രദർശിപ്പിക്കും. 
നാലുദിവസത്തെ പ്രദർശനത്തിന‌് ഡെലിഗേറ്റ് ഫീസ് 100 രൂപയാണ‌്. എല്ലാദിവസവും ചർച്ചകളും ഓപ്പൺ ഫോറവുമുണ്ട‌്. സിൽവർ ഹിൽസ് സിനിമാസ്, ജ്യോതി സൂപ്പർ ബസാറിലെ ഉപാസന കൾച്ചറൽ സെന്റർ, വിഗ്നറ്റ് ഡിജിറ്റൽ സ്റ്റുഡിയോ, വാഴക്കുളം ഈണം ഓർക്കസ്ട്രാ എന്നിവിടങ്ങളിൽ രജിസ്ട്രേഷന‌് സൗകര്യമുണ്ട‌്. ഫോൺ: 9447824923, 9447046060. ഫിലിം സൊസൈറ്റി സെക്രട്ടറി യു എ രാജേന്ദ്രൻ, ട്രഷറർ വിത്സൺ ജോൺ, പ്രോഗ്രാം കോ ഓർഡിനേറ്റർ പി ജി മോഹനൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top