20 January Monday
ഇന്ന് വായനദിനം

കുടിയേറ്റ ചരിത്രം പകർന്ന‌് ‘ഹൈറേഞ്ച‌്’ മാസിക

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

1974 പുറത്തിറങ്ങിയ യുവരശ്മിയുടെ ആദ്യപതിപ്പ്

 അടിമാലി 

ഹൈറേഞ്ച് മാസികയിൽ തുടങ്ങി ജില്ലയിൽ വായനയുടെ തനത‌ുജീവിതം. 1968ൽ നെടുങ്കണ്ടത്തുനിന്ന‌് ആരംഭിച്ച ഈ മാസിക യിലൂടെയാണ്‌ കുടിയേറ്റ ജനതയുടെ പ്രസിദ്ധീകരണങ്ങളുടെ പ്രയാണം ആരംഭിക്കുന്നത്. എഴുത്തിന്റെയും വായനയുടെയും ലോകത്ത് പുതിയ വാതായനങ്ങൾ തുറന്ന് ഇടുക്കിയും മുന്നേറുകയാണ‌്. കുടിയേറ്റ മണ്ണിൽ കലയ‌്ക്കും സംസ‌്കാരത്തിനും ഒട്ടേറേ പശ്ചാത്തലങ്ങളുണ്ട്. 
പകലന്തിയോളം മണ്ണിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് പൊന്നുവിളയിച്ച കർഷകന്റെ മുന്നേറ്റത്തിന്റെയും ത്യാഗത്തിന്റെയും ജീവിതഗന്ധിയായ കഥകൾ വർഷങ്ങൾക്ക് മുമ്പേ രൂപപ്പെട്ടിട്ടുണ്ട്. നിരവധി എഴുത്തുകാരും ജില്ലയിൽ ഉയർന്നുവന്നിട്ടുണ്ട്. ഹൈറേഞ്ച‌് മാസികയിൽ 1973ൽ മാട്ടുപ്പെട്ടി ഇൻഡോ സ്വിസ് പ്രോജക്ടിന്റെ ഭാഗമായി പുറത്തിറക്കിയ ‘നിറങ്ങളും’ പുതുമയായി. 
1974ൽ അടിമാലി, വെള്ളത്തൂവൽ എന്നിവിടങ്ങളിൽനിന്ന‌് പുറത്തിറങ്ങിയ ഗ്രേയ്സും യുവരശ്മിയുമാണ് ആദ്യകാല പ്രസിദ്ധീകരണങ്ങൾ. എന്നാൽ, ഇവയ‌്ക്കൊന്നും അധികകാലം പിടിച്ചുനിൽക്കാനായില്ല. ഹംസഗീതം, വായന, പിതൃഭൂമി, സർഗവസന്തം, മലനാട്, കേരള കർഷകശബ്ദം, സ്വരം എന്നിവയും വായനക്കാരിൽ എത്തി. വാതിൽ, ശ്രദ്ധ, പ്രതിഭ, നിഗമനം ത്രൈമാസിക, മന്ന, വജ്രസൂചി, നാട്ടറിവ്, ഇടുക്കി വൃത്താന്തം, നിലാവ്, പുതുയുഗം, ക്ഷണക്കത്ത്, പുലരി, ഉണർവ‌്, ഫെമിനിസ്റ്റ്, മഷിത്തണ്ട് എന്നീ പ്രസിദ്ധീകരണങ്ങളും ജില്ലയുടെ എഴുത്തുകാരുടെ വിരൽ തുമ്പുകളെ ചലിപ്പിച്ചിട്ടുണ്ട്. ഇവയിൽ ചിലതിന്റെ പ്രസിദ്ധീകരണം തുടരുന്നുണ്ട്. 
ഇതിനിടയിൽ കാലാസാഹിത്യ രംഗത്തോടൊപ്പം അമച്വർ നാടക രംഗവും അണയറയിൽ ഇടംപിടിച്ചു. ജില്ലയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്നതിൽ അടിമാലി കോനാട്ട് പബ്ലിക്കേഷൻസും മുൻപന്തിയിലാണ്. രംഗപ്രവേശം ചെയ്ത പ്രസിദ്ധീകരണങ്ങൾ പലതും വിസ്മൃതിയിലേക്ക് മറഞ്ഞപ്പോഴും എഴുത്തുകാർക്ക് താങ്ങായി സത്യൻ കോനാട്ടിന്റെ സ്ഥാപനം തിളങ്ങി നിൽക്കുന്നു.
ജില്ലയിലെ എഴുത്തുകാരുടെ 83 പുസ്തകങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചു. 2002ൽ 50 കവിതകൾ ‘പച്ച’ എന്ന പേരിൽ പുറത്തിറക്കിയാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയെ കുറിച്ചുള്ള പുസ്തകം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി. ജില്ലയുടെ കുടിയേറ്റ ചരിത്രം പറയുന്ന ‘പോരാട്ടം’ പുസ‌്തകത്തിലെ ഒരധ്യായം ഈ വർഷത്തെ ഏഴാം ക്ലാസ‌് പാഠപുസ‌്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. പ്രഭാഷകന്റെ പഠിപ്പുര പത്ത‌് പതിപ്പുകൾ ഇറക്കി. തൈമരങ്ങൾ ഏഴാമത് പതിപ്പ് ഇംഗ്ലീഷിൽ ഉടൻ പുറത്തിറങ്ങും. പുതുതലമുറ പുത്തൻ നവ്യാനുഭവങ്ങൾ തേടി സമൂഹ മാധ്യമങ്ങളുടെ പിന്നാലെ പായുമ്പോൾ ഈ വായനദിനവും ഒരുപിടി അനുഭവങ്ങളും ചിന്തയും പകരുകയാണ‌്.
 
 
 
പ്രധാന വാർത്തകൾ
 Top