19 June Wednesday

തോട്ടം തൊഴിലാളികൾക്ക് സ്ഥലവും വീടും നൽകണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
ചെറുതോണി 
ഭൂരഹിതരും ഭവന രഹിതരുമായ മുഴുവൻ തോട്ടം തൊഴിലാളികൾക്കും സ്ഥലവും വീടും നൽകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി തോട്ടം ഉടമകളുടെ  കൂലി ലയങ്ങളിൽ കഴിഞ്ഞുവരുന്ന ആയിരക്കണക്കായ തൊഴിലാളികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്താൻ ഭൂമിയും വാസയോഗ്യമായ വീടും നൽകണം. 
ഓരോ തൊഴിലാളിക്കും 10 സെന്റ് സ്ഥലവും താമസിക്കാൻ കഴിയുന്ന വീടും എന്ന ആവശ്യമുന്നയിച്ച് സിഐടിയുവും സിപിഐ എമ്മും നിരന്തരമായി പോരാട്ടത്തിലാണ്. ഈ ആവശ്യം ഉന്നയിച്ചാണ് ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ചിന്നക്കനാലിൽ തുടർസമരം സംഘടിപ്പിക്കുന്നത‌്. 2007ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2700 പേർക്ക് കുറ്റ്യാർവാലിയിൽ 10 സെന്റ് സ്ഥലം വീതം അനുവദിച്ച് ഉത്തരവുണ്ടാവുകയും ചെയ്തു. 
സ്ഥലത്തിന്റെ അതിരുകൾ നിർണയിക്കുകയും 2700 പേർക്ക് പട്ടയം നൽകുകയും ചെയ‌്തു. എന്നാൽ, ഓരോരുത്തരുടേയും സ്ഥലം ഏതാണെന്നും വ്യക്തമാക്കി ഉടമകൾക്ക് കൈമാറുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
തൊഴിലാളികൾക്കെതിരായി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നിരന്തരമായി ഉണ്ടാവുന്ന അലംഭാവത്തെ ഒരു കാരണവശാലും അംഗീകരിക്കില്ല. തേയില തോട്ടവ്യവസായത്തിന്റെ നിലനിൽപ്പിനുവേണ്ടി അത്യധ്വാനം ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യവും ജീവിത സൗകര്യവും ഉറപ്പുവരുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെടേണ്ടതുണ്ട്. തോട്ടം തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന  സമരങ്ങൾക്ക് സിപിഐ എം എല്ലാ പിന്തുണയും നൽകുമെന്നും  ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top