17 June Monday

കെഎസ്ഇബി അസി. എക‌്സിക്യൂട്ടീവ് എന്‍ജിനിയർക്ക‌് സസ‌്പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019
അടിമാലി 
കെഎസ്ഇബി ചിത്തിരപുരം സെക്ഷനിൽ ലക്ഷങ്ങളുടെ അഴിമതി. ചിത്തിരപുരം വൈദ്യുതി സെക്ഷനിൽ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ‌് എക‌്സിക്യൂട്ടീവ‌് എൻജിനിയറെ സർവീസിൽനിന്ന് സസ‌്പെൻഡ‌് ചെയ‌്തു. നിലവിൽ കല്ലാർകുട്ടി ഇറക്ഷൻ സബ് ഡിവിഷൻ രണ്ടിലെ എൻജിനിയർ കെ എം ഷൈലയെയാണ് കെഎസ‌്ഇബി എച്ച്ആർഎം ചീഫ് എൻജിനിയർ സസ‌്പെൻഡ് ചെയ്തത്.
ചിത്തിരപുരം സെക്ഷന്റെ കീഴിൽ ജോലി ചെയ്യുന്നതിനിടെ ബോർഡിന്റെ അനുമതിയില്ലാതെ 11 കെവി ലൈൻ വലിച്ച് വൻകിടക്കാർക്ക് വൈദ്യുതി നൽകിയതിനെ തുടർന്നാണ് നടപടി. അടിയന്തരമായി സ്ഥാപിക്കേണ്ട ട്രാൻസ്ഫോർമറുകൾപോലും സ്ഥാപിക്കാതെ വഴിവിട്ട് റിസോർട്ടുകൾക്കുവേണ്ടി ഒത്താശ ചെയ്യുകയായിരുന്നുവെന്ന് വിജിലൻസ് അന്വേഷണ സംഘം കണ്ടെത്തി.
റിസോർട്ടുകൾപോലുള്ള സ്ഥാപനങ്ങൾക്ക് നൽകിവരുന്ന ഉയർന്ന രീതിയിലുള്ള വൈദ്യുത നിരക്കിനുപകരം പ്രദേശിക കണക്ഷനുകൾക്ക് നൽകുന്ന സാധാരണ നിരക്കുകൾ അനധികൃതമായി വാങ്ങി ബോർഡിന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും അന്വേഷണത്തിൽ ബോധ്യമായി. 2016ൽ ഇതേ രീതിയിൽ നടത്തിയ ലക്ഷങ്ങളുടെ അഴിമതി വിജിലൻസ് അന്വേഷണത്തിലൂടെ കണ്ടെത്തിയതോടെ രണ്ട് സബ് എൻജിനിയർമാർക്കെതിയും ബോർഡ‌് നടപടി സ്വീകരിച്ചിട്ടുണ്ട‌്. 

 

പ്രധാന വാർത്തകൾ
 Top