25 May Monday

സഞ്ചാരികളെ നിയന്ത്രിച്ച് മൂന്നാർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020
മൂന്നാർ
റിസോർട്ട്, കോട്ടേജ് ഉൾപ്പെടെ ഹോംസ്‌റ്റേകളിൽ പൂർണമായി ബുക്കിങ് ഒഴിവാക്കിയും ജാഗ്രത പാലിച്ചും കോവിഡ്‌ 19 വ്യാപനം തടയാനുള്ള ശ്രമത്തിലാണ്‌ മൂന്നാറിലെ ടൂറിസം മേഖല. ഇവിടെ താമസിച്ച ബ്രിട്ടീഷ്‌ പൗരന്‌ കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌ മുതൽ ആശങ്കയിലായ ജനതയെ ബോധവൽക്കരണം നടത്തിയും വൈറസ് വ്യാപനം തടയുന്നതിനും ജില്ലാ ഭരണത്തിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
  ദേവികുളം സബ് കലക്ടർ എസ്‌ പ്രേംകൃഷ്‌ണന്റെ നേതൃത്വത്തിൽ എല്ലാ ദിവസവും ആരോഗ്യവകുപ്പ് അധികൃതരുമായി കൂടിയാലോചനങ്ങൾ നടത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു. പുതിയ ബുക്കിങ് എടുക്കരുതെന്ന അധികൃതരുടെ നിർദേശമുള്ളതിനാൽ മൂന്നാറിലെ എല്ലാ റിസോർട്ടുകളും കോട്ടേജുകളും അടഞ്ഞുകിടക്കുകയാണ്. പുറമെനിന്ന്‌ എത്തുന്ന സന്ദർശകരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്‌. നേരത്തെ മുറിയെടുത്ത് താമസിക്കുന്ന ചില വിദേശ ടൂറിസ്റ്റുകൾ മുറികളിൽതന്നെ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്.  മൂന്നാർ ടീ കൗണ്ടിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാരുടെ വീടുകളിൽ ആരോഗ്യ പ്രവർത്തകരെത്തി പരിശോധന നടത്തുന്നുണ്ട്‌. തിരക്ക്‌ കുറഞ്ഞതോടെ ഭൂരിഭാഗം കടകമ്പോളങ്ങളും അടച്ചു. കെഎസ്ആർടിസി ബസും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ടെങ്കിലും മിക്കവയിലും തിരക്ക് കുറവാണ്. ബ്രേക്ക് ദി ചെയിൻ പരിപാടിയുടെ ഭാഗമായി രോഗം തടയുന്നതിന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ടൗണിലും സമീപപ്രദേശങ്ങളിലും കൈ കഴുകുന്നതിന് വെള്ളവും സാനിറ്റൈസറും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബാങ്കുകളുടെ മുമ്പിലും ഈ സൗകര്യമുണ്ട്.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top