29 May Friday

വ്യാജ പരാതി: കൂടുതൽ നടപടികൾക്ക്‌ ഒരുങ്ങി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 

നെടുങ്കണ്ടം
മകളെ കാത്തുനിന്ന അച്ഛനെ നെടുങ്കണ്ടം സിഐ അപമാനിച്ചതായി നൽകിയ വ്യാജ പരാതിയിൻമേൽ കൂടുതൽ നടപടികൾക്കൊരുങ്ങി പൊലീസ്. കട്ടപ്പന ഡിവൈഎസ്‌പി എൻ സി രാജ്‌മോഹൻ സംഭവം നടന്ന നെടുങ്കണ്ടം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെത്തി വിവരം ശേഖരിച്ചു. വ്യാജ പരാതി കെട്ടിച്ചമച്ച നെടുങ്കണ്ടം കുമ്മനത്തുചിറയിൽ ഫിലിപ് എബ്രഹാം(പ്രിൻസ്-–-29), ഗൂഢാലോചന നടത്തിയതായി സംശയിക്കുന്ന മറ്റ് രണ്ടു പേർക്കെതിരെയും നിയമോപദേശത്തിനുശേഷം നടപടിയെടുക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു.
സിഐ അപമാനിച്ചതായും കുട്ടിക്കായി കരുതിയിരുന്ന പലഹാരം റോഡിൽ എറിഞ്ഞെന്നുമാണ്‌ ഫിലിപ്‌ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയത്. തുടർന്ന് കട്ടപ്പന ഡിവൈഎസ്‌പിയോട് സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് സ്‌കൂളിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽനിന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചത്.
ഇതിൽനിന്ന് പരാതി വ്യാജമാണെന്ന് വ്യക്തമായതായി ഡിവൈഎസ്‌പി പറഞ്ഞു. സേനയുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കും. സംഭവത്തിൽ ഫിലിപ് എബ്രഹാമിനെ ഒരു തവണകൂടി വിളിപ്പിച്ചശേഷം അന്തിമ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുമെന്നും ഡിവൈഎസ്‌പി അറിയിച്ചു.
എന്നാൽ, സംഭവത്തിൽ എതിർകക്ഷികൾക്കെതിരെ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് നെടുങ്കണ്ടം സിഐ സി ജയകുമാർ പറഞ്ഞു.  സ്‌കൂൾ പരിസരത്ത് പൂവാലൻമാരുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിലിപ്പിനോട് വിവരങ്ങൾ തിരക്കിയത്. കൃത്യമായി ജോലി ചെയ്തതിനാണ് തനിക്കെതിര വ്യജപരാതി ചമച്ചത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ പരാതി നൽകുമെന്നും സിഐ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
 Top