30 May Saturday
വനംവാച്ചറെ മദ്യപസംഘം ആക്രമിച്ചു

മുന്നിൽ ആനക്കൂട്ടം: രക്ഷപ്പെടുന്നതിനിടെ ഒരാൾക്ക് പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 മറയൂർ

കാന്തല്ലൂർ പെരടിപള്ളത്ത് ആനക്കൂട്ടത്തിന് മുമ്പിൽപ്പെട്ട ബൈക്ക് യാത്രികന്‌ ഗുരുതര പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത്‌ ഓടി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന പെരടിപള്ളം സ്വദേശി സുബ്ബയ്യയുടെ മകൻ ഈശ്വര(28) നാണ് പരിക്കേറ്റത്. ഇയാളെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 
   പിന്നിലിരുന്ന സുഹൃത്ത്‌ രാമരാജ് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 7.30ന്‌ റോഡിൽ ആനകളെ കണ്ടതും രാമരാജ് ബൈക്കിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. ആനകൾ അടുത്ത് എത്തുന്നതുകണ്ട് ബൈക്ക്  റോഡിലിട്ട്‌ ഈശ്വരൻ തിട്ടയിൽനിന്ന്‌ താഴേക്ക്‌ ചാടി രക്ഷപ്പെടുകയായിരുന്നു. ബൈക്ക് ചവുട്ടി നശിപ്പിച്ച കാട്ടാന ഈശ്വരനെ പിന്തുടർന്നെങ്കിലും പരിക്കുകളോടെ ഒരുകിലോമീറ്റർ അകലെയുള്ള പുൽതൈല വാറ്റുകേന്ദ്രത്തിൽ അഭയംതേടി. ശബ്ദംകേട്ട് ഓടിയെത്തിയവരാണ് ഈശ്വരനെ മറയൂർ സിഎച്ച്‌സിയിലും വനംവകുപ്പിന്റെ സഹായത്തോടെ ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചത്‌. 
   സംഭവം അന്വേഷിക്കാനെത്തിയ പെരടിപള്ളം അഞ്ചുവീട് ക്യാമ്പ് ഷെഡിൽ ചന്ദന സംരക്ഷണത്തിലേർപ്പെട്ട താൽക്കാലിക വാച്ചറായ ജോസിനെ ഗ്രാമത്തിലെ മദ്യപസംഘം മർദിച്ചു. മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി.  വനപാലകനെ ആക്രമിച്ചതിന് മറയൂർ പൊലീസ് കണ്ടാലറിയാവുന്ന യുവാക്കളുടെ പേരിൽ കേസെടുത്തു. കൃത്യനിർവഹണത്തിനെത്തുന്ന വനം ജീവനക്കാരെ ആക്രമിച്ചതിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് മറയൂർ ഡിഎഫ്ഒ ബി രഞ്ജിത്ത് പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top