26 March Tuesday

എച്ച് ദിനേശൻ കലക്ടറായി ചുമതലയേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 19, 2019
ഇടുക്കി
ജില്ലയുടെ 39‐ാമത‌് കലക്ടറായി എച്ച‌്  ദിനേശൻ ചുമതലയേറ്റു. രാവിലെ കലക്ടറേറ്റിൽ എത്തിയ എച്ച‌് ദിനേശനെ എഡിഎം പി ജി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ജീവനക്കാർ സ്വീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി പോകുന്ന മുൻ കലക്ടർ കെ ജീവൻബാബുവിൽനിന്നും ചുമതല ഏറ്റെടുത്തശേഷം കലക്ടറേറ്റിൽ സന്നിഹിതരായ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.   കാസർകോട‌് ജില്ലയിലെ കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയാണ്. 
   റവന്യൂ വകുപ്പിൽ ക്ലാർക്കായി ഔദ്യോഗിക സേവനം ആരംഭിച്ച അദ്ദേഹം 2006ൽ ഡെപ്യൂട്ടി കലക്ടറായി നിയമിതനായി. കണ്ണൂർ, പാലക്കാട്, കാസർകോട‌് എന്നിവിടങ്ങളിൽ ആറു വർഷത്തോളം അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്നു. നൂറുകണക്കിന് ഭൂരഹിത കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന് നേതൃത്വം നൽകി. തുറമുഖ വകുപ്പ് ഡയറക്ടർ, പഞ്ചായത്ത് ഡയറക്ടർ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന മധ്യപ്രദേശ് നിയസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രനിരീക്ഷകനായും പ്രവർത്തിച്ചു. ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റായ സജിതയാണ് ഭാര്യ. അജയ്, അക്ഷയ് എന്നിവർ മക്കളാണ്. ചടങ്ങിൽ എഡിഎം പി ജി രാധാകൃഷ്ണൻ, ഡെപ്യൂട്ടി കലക്ടർമാരായ എം എസ് സലീം, ജോസ് ജോർജ‌്, ഫിനാൻസ് ഓഫീസർ അജി ഫ്രാൻസിസ്, ഇടുക്കി തഹസീൽദാർ എസ് ശ്രീജിത്ത‌്, മിനി കെ ജോൺ, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ പി സന്തോഷ് എന്നിവർ സന്നിഹിതരായി.  
 
പ്രധാന വാർത്തകൾ
 Top