29 February Saturday
പട്ടയം

ചില്ലിത്തോടിന്റെ മനസ്സിൽ ചില്ലിമുളംകാറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

 

 
അടിമാലി
അരനൂറ്റാണ്ട്‌ കാലത്തെ കാത്തിരിപ്പിനൊടുവിൽ ആശിച്ചത് പടിവാതിൽക്കൽ എത്തി നിൽക്കുന്നതിന്റെ ആഹ്ലാദത്തിലാണ് അടിമാലി ചില്ലിത്തോട് പട്ടികജാതി കോളനിവാസികൾ. സ്വന്തം ഭൂമിക്ക് പട്ടയം കിട്ടാനുള്ള കോളനിവാസികളുടെ ശ്രമങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഏറെ നാളത്തെ ശ്രമങ്ങളും ഫലം കാണാതിരിക്കെ നാല്‌ മാസം മുമ്പ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ വിളിച്ചു ചേർത്ത ജനകീയ യോഗത്തിലാണ് വിഷയത്തിൽ വഴിത്തിരിവുണ്ടായത്. തുടർന്ന് മന്ത്രി എം എം മണിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും അദ്ദേഹം മുഖ്യമന്ത്രിയെയും റവന്യു മന്ത്രിയെയും ധരിപ്പിക്കുകയായിരുന്നു. ഇതോടെ പട്ടയപ്രതീക്ഷകൾക്ക്‌ ചിറകുവച്ചു. 
സർവെ നടപടികൾ 95 ശതമാനത്തിലേറെ പൂർത്തിയായെന്ന് മന്നാംകണ്ടം വില്ലേജ് ഓഫീസർ വി ബി ജയൻ പറഞ്ഞു. 24ന് കട്ടപ്പനയിൽ നടക്കുന്ന ജില്ലാതല പട്ടയമേളയിൽ കോളനി വാസികൾക്ക്‌ പട്ടയം വിതരണം ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കലക്ടർ എച്ച് ദിനേശൻ പറഞ്ഞു.
ചില്ലിത്തോടിൽ നിന്ന്‌ തോണിപ്പാറയിലേക്കുള്ള രണ്ടുകിലോമീറ്റർ റോഡരികിലാണ് കുടുംബങ്ങൾ താമസിക്കുന്നത്. വെള്ളം, വഴി, വൈദ്യുതി തുടങ്ങി മറ്റെല്ലാ സൗകര്യങ്ങളും എത്തിയിട്ടും കിടപ്പാടത്തിന് അവകാശമില്ലാത്ത സ്ഥിതി എല്ലാ കുടുംബങ്ങളുടെയും ആശങ്കയായിരുന്നു. അതിനാണ്‌ ഇതോടെ പരിഹാരമാകുന്നത്‌.  
 
 
 
പ്രധാന വാർത്തകൾ
 Top