05 December Thursday

വിപണി വീണ്ടും ഉണരുന്നു; ഏലക്ക വില 3,000 കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019
 
വണ്ടൻമേട്‌
കർഷകർക് പ്രതീക്ഷയുമായി ഏലക്കാവില വീണ്ടും ഉയരുന്നു. വിലയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതോടെ വീണ്ടും വിപണിയിൽ വിശ്വാസമർപ്പിക്കുകയാണ് കർഷകരും സംരഭകരും. ദീപാവലി അവധിയും അപ്രതീക്ഷിതമായെത്തിയ മഴയും ഏലക്കാവിലയിൽ അപ്രതീക്ഷിത ഇടിവ് സമ്മാനിച്ചിരുന്നു. പോയ ആഴ്ചകളിൽ വിലയിൽ നേരിയ ചാഞ്ചാട്ടങ്ങളാണ് പ്രകടമായതെങ്കിൽ ശനിയാഴ്ച നടന്ന ലേലത്തിൽ വില ഗണ്യമായ് ഉയർന്ന് ശരാശരി 2894.16 രൂപയും ഉയർന്ന വില 3139ലും എത്തി.
ഒക്‌ടോബർ അവസാനം വില താഴേക്കുപോകുന്ന സൂചനയാണ് നൽകിയിരുന്നത്. ശരാശരിവില കിലോ ഗ്രാമിന് 2376ലും ഉയർന്നവില 2795ലുമാണ് കഴിഞ്ഞമാസം വിപണി അവസാനിച്ചത്. എന്നാൽ നവംബർ ആദ്യവാരത്തോടെ വിലയിൽ പ്രകടമായ മാറ്റം ആരംഭിച്ചു. തുടക്കത്തിൽ ശരാശരി വില 2461 രൂപയിലേക്കുയർന്ന് ഒടുവിൽ 2728 രൂപയിൽ വരെയെത്തി. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ വിലയിൽ കുത്തനെയുള്ള കുറവനുഭവപ്പെട്ടു തുടങ്ങിയത് കർഷകരെ ആശങ്കയിലാക്കിയെങ്കിലും വില വീണ്ടും ഉയരുന്നതിന്റെ  സൂചനയാണ് ശനിയാഴ്ചത്തെ വിപണിയിൽ കാണാനാകുന്നത്. 
15ന് നടന്ന ഹെഡർ സിസ്റ്റത്തിന്റെ ലേലത്തിൽ  ശരാശരി വില 2769 രൂപയും ഉയർന്ന വില 2941 രൂപയും ആയി ഉയർന്നിരുന്നു. വെള്ളിയാഴ്ച തന്നെ നടന്ന മാസ് എന്റെർപ്രൈസസിന്റെ ലേലത്തിൽ ശരാശരി വില 2809 രൂപയും ഉയർന്ന വില 3333  രൂപയുമായി ഉയർന്നത് ഏലക്കയുടെവിപണി വില ഉയരുന്നതിന്റെ സൂചനയാണ് നൽകിയത്. കാർഡമം ഗ്രാവേഴ്സ് ഫോർ എവർപ്രെവറ്റ് ലിമിറ്റഡിന്റെ ലേലത്തിൽ ശരാശരി വില 2837.82 ആയി ഉയർന്നു. ഉയർന്ന വില 3010 രൂപയിലും അവസാനിച്ച ലേലത്തിൽ 11495.5 കിലോ ഗ്രാമാണ് ലേലത്തിൽ വച്ചത്. ശനിയാഴ്ച തന്നെ നടന്ന തേക്കടികേരള കാർഡമം പ്രോസസിങ് ആൻഡ്‌ മാർക്കറ്റിങ്ങ് കമ്പനിയുടെ ലേലത്തിൽ ശരാശരി വില 2894.16നും ഉയർന്ന വില 3139നുമാണ് അവസാനിച്ചത്. 56588.6 കി.ഗ്രാമാണ് ലേലത്തിന്‌ വന്നത്‌.
എന്നാലിപ്പോഴും വിപണിയിലേക്കെത്തുന്ന ഉല്പന്നത്തിന്റെ അളവിൽ കാര്യമായ പുരോഗതി പ്രകടമല്ല. വരും ദിവസങ്ങളിൽ വില വീണ്ടും ഉയർന്നാൽ കൂടുതൽ ഏലക്ക വിപണിയിലേക്കെത്തുമെന്നത് തീർച്ചയാണ്.കാലാവസ്ഥ വ്യതിയാനം ഉത്പാദനത്തെ സാരമായി  ബാധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ചെറുകിട വ്യാപാരികൾ ഉയരുന്ന വിലക്കനുസൃതമായി വില നൽകാതെയാണ് കായ് സംഭരിക്കുന്നതെന്ന ആക്ഷേപവും കർഷകർക്കിടയിലുണ്ട്.
 
 
പ്രധാന വാർത്തകൾ
 Top