20 November Wednesday
സർക്കാർ തീരുമാനം

യുഡിഎഫിന്റെ ദുഷ്ടലാക്കിനേറ്റ തിരിച്ചടി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 

 
ചെറുതോണി
ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കുമുള്ള സാധ്യത പ്രയോജനപ്പെടുത്താതെ രാഷ്ട്രീയ ലാഭത്തിനായി ഹർത്താലിനിറങ്ങിയ യുഡിഎഫിനേറ്റ തിരിച്ചടിയാണ് സർക്കാർ പുറത്തിറക്കിയ ഭൂവിനിയോഗ ഉത്തരവിലെ ഭേദഗതിയെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി. യുഡിഎഫ്‌ എംപിയോ എംഎൽഎമാരോ സർക്കാരിനെ സമീപിക്കുകയോ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. 
    എക്കാലവും കർഷകർക്കൊപ്പംനിന്ന പാരമ്പര്യമാണ് എൽഡിഎഫ്‌ സർക്കാരുകൾക്കുള്ളത്. ജില്ലയിലെ നിർമാണങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം കേന്ദ്രീകരിച്ചുള്ള പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ നൽകിയ കേസിന്റെ ഇടക്കാല ഉത്തരവിൻമേലാണ് ഭൂ വിനിയോഗ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാണിച്ചും കർഷകരെ ബാധിക്കുന്ന സാഹചര്യം ധരിപ്പിച്ചും ജില്ലയിലെ എൽഡിഎഫ്‌ നേതൃത്വം മുഖ്യമന്ത്രിയുമായും റവന്യൂ മന്ത്രിയുമായും ചർച്ച നടത്തിയിരുന്നു. 
   കൃഷിക്കാർക്കെതിരായ ഒരു നടപടിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഉറപ്പുനൽകുകയും ചെയ്‌തു. വാക്കുപാലിച്ച മുഖ്യമന്ത്രിയെയും സർക്കാരിനെയും സിപിഐ എം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.  
ഗാഡ്ഗിൽ–- കസ്തൂരിരംഗൻ റിപ്പോർട്ടുകളും എച്ച്ആർഎംഎൽ പദ്ധതിയും മലയോര കർഷകനുമേൽ അടിച്ചേൽപ്പിക്കാൻ അച്ചാരം വാങ്ങിയവർ നടത്തുന്ന തട്ടിക്കൂട്ടുസമരങ്ങളെ പുച്ഛത്തോടെയാണ് കർഷകർ കണ്ടത്.
   ഉത്തരവ് ഭേദഗതി ചെയ്യണമെന്ന് സംസ്ഥാന നേതാക്കളെ കൊണ്ടുപോലും പറയിക്കാൻ കഴിയാത്ത കോൺഗ്രസ്‌ ജില്ലാ നേതൃത്വം ജനങ്ങളുടെ മുമ്പിൽ ഒരിക്കൽകൂടി അപഹാസ്യരാവുന്ന ചിത്രമാണ് കാണാൻ കഴിയുന്നതെന്നും സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.
 
 
 
.
 
പ്രധാന വാർത്തകൾ
 Top