12 November Tuesday
റോഡ‌് പുനരുദ്ധാരണം

പഞ്ചായത്ത‌് ഭരണസമിതിയുടെ അനാസ്ഥ; ഒരു കോടിയിലേറെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

 തൊടുപുഴ

ഇടവെട്ടി പഞ്ചായത്തിലെ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് സംസ്ഥാന സർക്കാർ വാഗ‌്ദാനം ചെയ്ത ഒരു കോടിയിലേറെ രൂപ യുഡിഎഫ‌് ഭരണസമിതിയുടെ അനാസ്ഥയിൽ നഷ്ടമായി. പുതിയ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജലവിതരണക്കുഴൽ സ്ഥാപിച്ചപ്പോൾ തകർന്ന റോഡുകൾക്കാണ്‌ തുക അനുവദിച്ചത്‌. 
 കുടിവെള്ള പദ്ധതി നടപ്പാക്കിയപ്പോൾ എസ‌്റ്റിമേറ്റ് തുകയായ 2.20 കോടി രൂപയിൽ 1.70 കോടി രൂപ ബാക്കിവന്നിരുന്നു. ഈ തുക, പദ്ധതി നടപ്പാക്കിയപ്പോൾ തകർന്ന എംവിഐപി കനാൽ റോഡുകളുടെയും 13 വാർഡുകളിലെ വിവിധ പഞ്ചായത്ത് റോഡുകളുടെയും പുനരുദ്ധാരണത്തിന‌് നൽകാമെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണൻകുട്ടി ഉദ‌്ഘാടനവേദിയിൽ പഞ്ചായത്തിലെ ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. പി ജെ ജോസഫ‌് എംഎൽഎയുടെയും മുൻ എംപി ജോയ്സ് ജോർജിന്റെയും സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. 
വിശദമായ എസ‌്റ്റിമേറ്റ് സഹിതം ഏഴുദിവസത്തിനകം ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കാനും നിർദേശിച്ചു. എന്നാൽ, പഞ്ചായത്ത് ഭരണാധികാരികൾ ഇക്കാര്യത്തിൽ വീഴ്ച വരുത്തി. എംവിഐപി കനാൽ റോഡിന്റെ മാത്രം എസ‌്റ്റിമേറ്റാണ‌് സമർപ്പിച്ചത‌്. ആർപ്പാമറ്റം മുതൽ മലങ്കര വരെ റോഡ് ടാർ ചെയ്യാൻ 46.5 ലക്ഷം രൂപ പഞ്ചായത്തിന് അനുവദിക്കുകയും ചെയ്‌തു. 
മന്ത്രി വെറുംവാക്ക്‌ പറഞ്ഞതാണെന്ന‌് ധരിച്ചാണ‌് പഞ്ചായത്ത് ഭരണസമിതി വിശദമായ എസ്റ്റിമേറ്റ്‌ നൽകാതിരുന്നത്. പഞ്ചായത്ത് കമ്മിറ്റിയിലെ സ്വന്തം പക്ഷക്കാർപോലും ഇക്കാര്യം അറിഞ്ഞില്ല. ഏറ്റവുമൊടുവിൽ മാത്രമാണ‌് മുഴുവൻ റോഡുകളുടെയും എസ്റ്റിമേറ്റ് സമർപ്പിച്ചില്ലെന്ന വിവരം പുറത്തായത‌്. കനാൽ റോഡിനുവേണ്ടി അനുവദിച്ച തുക ഇപ്പോൾ ഒരു മാനദണ്ഡവും പാലിക്കാതെ വകമാറ്റാനും നീക്കമുണ്ട‌്. 
ഇതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട‌്. 1.70 കോടി രൂപ നഷ്ടപ്പെടുത്തിയവരാണ‌് കനാൽ റോഡിന്റെ വികസനം അട്ടിമറിക്കാൻ  ശ്രമിക്കുന്നത‌്. കനാൽ റോഡിൽ തൊണ്ടിക്കുഴ മുതൽ ബാങ്ക് ജങ‌്ഷൻവരെയുള്ള ഭാഗംവരെ മാത്രം നന്നാക്കാനാണ‌് നീക്കം. മലങ്കര വരെയുള്ള ഭാഗത്ത‌് കനാൽ റോഡ‌് തകർന്നു കിടക്കുകയാണ‌്. ഇതു മുഴുവൻ ഗതാഗതയോഗ്യമാക്കണമെന്നതാണ‌് പ്രദേശവാസികളുടെ ആവശ്യം.
 
 
പ്രധാന വാർത്തകൾ
 Top