18 September Wednesday

സഹായ കൈകളുമായി നാടാകെ വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

കഞ്ഞിക്കുഴി എസ്എൻവി എച്ച്എസ് സ്‌കൂളിലെ വിദ്യാർഥികൾ പ്രളയബാധിതർക്കായി സമാഹരിച്ച വിഭവങ്ങൾ

 ഇടുക്കി

മലപ്പുറവും വയനാടും അടങ്ങുന്ന വടക്കൻ കേരളം മഴക്കെടുതിയിൽ രൂക്ഷമായ പ്രതിസന്ധികൾ നേരിടുമ്പോൾ അവർക്ക് കൈത്താങ്ങാവുകയാണ് ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാർഥികളും. പ്രളയ സഹായങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചരണം വ്യാപകമാവുകയും നിയമ നടപടി എടുക്കേണ്ട സാഹചര്യവും ഉണ്ടായപ്പോൾ അതിനെയെല്ലാം പാടെ തള്ളിയാണ്‌ ദുരിതബാധിതർക്ക്  വേണ്ടിയുള്ള വിഭവ സമാഹരണത്തിൽ പുതുതലമുറ വ്യാപൃതരാവുന്നത്‌.
കഞ്ഞിക്കുഴി എസ്എൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരോ കുടുംബത്തിനും ആവശ്യമായ ദൈനംദിന സാധനങ്ങളാണ് വിദ്യാർഥികൾ സമാഹരിച്ചത്. എൻഎസ്എസ് വളണ്ടിയേഴ്സ് ഓരോരുത്തരും തങ്ങളുടെ വീടുകളിൽനിന്നും അയൽപക്കത്തെ അഞ്ചു വീടുകളിൽനിന്നുമാണ് പ്രളയബാധിതർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ സമാഹരിച്ചത്.
കഞ്ഞിക്കുഴിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന്‌ പായ, പുതപ്പ്, വസ്ത്രങ്ങൾ, സോപ്പ്, സോപ്പുപൊടി, ചായപ്പൊടി, പേസ്റ്റ്, ബ്രഷ്, കറിപൗഡറുകൾ, ക്ലീനിങ്‌ മെറ്റിരിയൽസ് തുടങ്ങി ആവശ്യമായതെല്ലാം സമാഹരിച്ചു.
പ്രളയബാധിതരായ കുട്ടികൾക്കുവേണ്ടി പഠനാവശ്യത്തിന് ബുക്ക്‌, പേന, പെൻസിൽ തുടങ്ങി 42 ഇനം ഉൽപന്നങ്ങളും സമാഹരിച്ചു. കനത്തമഴയിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോഴും സാധാരണ അവധി ദിവസങ്ങളിലും ദുരിതബാധിതർക്ക്‌ സാധനങ്ങൾ സമാഹരിക്കുന്നതിന്റെ തിരക്കിലായിരുന്നു സ്‌കൂളിലെ വിദ്യാർഥികൾ. കുട്ടികൾ ശേഖരിച്ച സാധനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ വേർതിരിച്ചു. 
 
 
പ്രളയബാധിതർക്ക് സഹായം ആവശ്യപ്പെട്ടെത്തിയ വിദ്യാർഥികൾക്ക് നാട്ടുകാരിൽനിന്നും വ്യാപാരികളിൽനിന്നും നല്ല സഹകരണമാണ് ലഭിച്ചതെന്ന് എൻഎസ്എസ് വളണ്ടിയർ യദുകൃഷ്ണൻ പറഞ്ഞു.  പൂർവവിദ്യാർഥികളും അധ്യാപകരും പിന്തുണയുമായി കുട്ടികൾക്കൊപ്പമുണ്ടായി. വിദ്യാർഥികൾ സമാഹരിച്ച സാധനങ്ങൾ ഇടുക്കി താലൂക്കിലെ കലക്‌ഷൻ സെന്ററിലെത്തിച്ച് തഹസിൽദാർ വിൻസന്റ് ജോസഫിന് കൈമാറി. 
ജില്ലയിലെ മിക്ക സ്‌കൂളുകളും പ്രളയബാധിതർക്ക് സഹായ സമാഹരണവുമായി മുന്നിട്ടിറങ്ങുന്നുണ്ട്‌.   രാജകുമാരി സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ, എൻആർ സിറ്റി എസ്എൻവി എച്ച്എസ്എസ്, രാജക്കാട് എസ്എസ്എം കോളേജ്, അടിമാലി മാർ ബസേലിയോസ് കോളേജ് തുടങ്ങി നിരവധി സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് പ്രളയബാധിതർക്കായി വിഭവ സമാഹരണം നടത്തുന്നത്.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top