22 September Sunday

റോഡ് സഞ്ചാരയോഗ്യമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 

 
മൂന്നാർ
മഹാമാരിയിൽ തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കി തൊഴിലുറപ്പ് തൊഴിലാളികൾ. ദേവികുളം സിഎച്ച്സിയിലേക്കുള്ള റോഡാണ് രണ്ടുദിവസംകൊണ്ട് ഗതാഗതയോഗ്യമാക്കിയത്. കഴിഞ്ഞവർഷം ഉണ്ടായ മഹാമാരിയിൽ റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായിരുന്നു. സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും അറ്റകുറ്റ പണികൾക്കുമായി ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത് 10 ലക്ഷം രൂപ നീക്കി വച്ചെങ്കിലും ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചില്ലെന്ന കാരണംപറഞ്ഞ് നിർമാണം നീട്ടിക്കൊണ്ടു പോവുകയായിരുന്നു. 
ആശുപത്രിയിലേക്കുള്ള റോഡായതിനാൽ പഞ്ചായത്തംഗം എന്ന നിലയിൽ പി കെ സുരേഷ് കുമാറിന്റെ പരിശ്രമത്തിൽ 50,000 രൂപ ചെലവഴിച്ച് സംരക്ഷണ ഭിത്തി നിർമിച്ചു. എന്നാൽ, ഇത്തവണ പെയ്ത കനത്ത മഴയിൽ വീണ്ടും സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിലായി. വാഹന ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. രോഗികൾ വലഞ്ഞു. തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം താൽക്കാലികമായി ദേവികുളം സാഹസിക അക്കാദമിയിലേക്ക് മാറ്റിയിരുന്നു. ഇതോടെയാണ്‌ റോഡ്‌ ഗതാഗത യോഗ്യമാക്കാൻ തൊഴിലുറപ്പ് തൊഴിലാളികൾ രംഗത്തിറങ്ങിയത്‌.  
 
 
 
പ്രധാന വാർത്തകൾ
 Top