22 May Wednesday
വെള്ളത്തിൽവീണ്‌ 3 മരണം

മണ്ണിനടിയിൽപ്പെട്ട കടുംബത്തിലെ 3 പേരെ പുറത്തെടുക്കാനായില്ല

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018

 ഇടുക്കി 

വെള്ളിയാഴ‌്ച പെരുമഴയ്‌ക്ക‌് പകൽ നേരിയ ശമനം ഉണ്ടായെങ്കിലും കെടുതികൾ തുടരുകയാണ‌്. രാത്രിയിൽ മഴ വീണ്ടും കനക്കുന്നുണ്ട്‌. ഏലപ്പാറയിൽ അജ്ഞാതനുൾപ്പെടെ മൂന്നുപേർ വെള്ളിയാഴ്‌ച  മുങ്ങിമരിച്ചു. വണ്ടിപ്പെരിയാറിൽ വെള്ളത്തിൽവീണ‌് വീട്ടമ്മയും മ്ലാമല സ്വദേശിയുമായ തങ്കമ്മ ജോർജ്‌(54), മുട്ടത്ത്‌ ഒഴുക്കിൽപ്പെട്ട്‌ കൊല്ലംകുന്ന്‌ കഴുമറ്റത്തിൽ കെ ആർ അനിൽകുമാർ(45) എന്നിവരാണ്‌ മരിച്ചത്‌. ഒരു അജ്ഞാത മൃതദേഹം ചപ്പാത്ത്‌ പാലത്തിൽനിന്നും കണ്ടെടുത്തു. പെരിയാറിൽ വെള്ളം ഉയരുന്നത്‌ കാണുന്നതിനിടെയാണ്‌ വീട്ടമ്മ  മരിച്ചത്‌. കഴിഞ്ഞ മൂന്ന്‌ ദിവസത്തിനുള്ളിൽ  ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയിൽ 25 പേരാണ്‌ മരിച്ചത്‌. 
കഴിഞ്ഞ ദിവസം വെള്ളത്തൂവലിന്‌ സമീപം എസ്‌ വളവിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും അകപ്പെട്ട ഒരു കുടുംബത്തിലെ മൂന്നുപേരെ ഇനിയും കണ്ടെത്താനായില്ല. പുളിക്കക്കടയിൽ മമ്മൂട്ടി(48), ഭാര്യ അസ്‌മ(45), മകൻ മുസ്‌ഫൽ(18) എന്നിവരെയാണ്‌  കണ്ടെത്താനാവാത്തത്‌. ഇവർക്കൊപ്പം താമസിച്ചിരുന്ന തുറവിക്കൽ തങ്കച്ചൻ (45), ഭാര്യ സെൻസി(40) എന്നിവരുടെ മൃതദേഹം വ്യാഴാഴ്‌ച കണ്ടെത്തി. എല്ലാ വഴികളും നിലച്ചിരിക്കുന്നതിനാൽ മണ്ണ്‌ നീക്കം ചെയ്‌ത്‌ പുറത്തെടുക്കാൻ ഫയർഫോഴ്‌സിനോ പൊലീസിനോ കഴിയുന്നില്ല. ഇവർ താമസിച്ചിരുന്ന വീടിനുമേൽ അകലെനിന്നെത്തിയ മണ്ണും കല്ലും വന്നുമൂടുകയായിരുന്നു. 
ഇതിനിടെ അടിമാലിക്കടുത്ത്‌ വാളറയിലും മുള്ളരിങ്ങാടും ഉരുൾപൊട്ടി. ആളപായമില്ല. വാളറയിൽ 200 മീറ്ററിൽ മണ്ണ്‌ ഒലിച്ചുപോയി. അടിമാലിയിൽ ദേശീയപാതയ്‌ക്ക്‌ സമീപം കൃഷ്‌ണ ജ്വല്ലറി ഉടമ രാധാകൃഷ്‌ണന്റെ വീട്‌ നാലുമീറ്റർ  താഴത്തേക്ക്‌ തള്ളിപ്പോയി. കുമളി‐ അടിമാലി ദേശീയപാതയിൽ കല്ലാർക്കുട്ടി മേഖലയിൽ കോളേജ്‌ കുന്നിടിഞ്ഞിറങ്ങി. വലിയ കുന്ന്‌ 100 മീറ്റർ ഹൈവേയിലേക്ക്‌ ഇറങ്ങിയെങ്കിലും ആളപായമില്ല. പഴയ മൂന്നാർ ടൗണിൽ ഉയർന്ന വെള്ളം ഇറങ്ങിത്തുടങ്ങി. പലയിടങ്ങളിലും മണ്ണിടിച്ചിൽ തുടരുകയാണ്‌. മൂന്നാർ‐ ഉദുമലപേട്ട അന്തർ സംസ്ഥാനപാതയിലെ പെരിയവര എസ്‌റ്റേറ്റ്‌ പാലം തകർന്ന്‌ അപകടാവസ്ഥയിലായി. ദേവികുളം റോഡിൽ ഗവൺമെന്റ്‌ കോളേജിന്‌ സമീപം മണ്ണിടിച്ചിലുണ്ടായി. പാമ്പാടുംപാറ മന്നാക്കുടിക്ക്‌ സമീപം വൻ മലയും പാറയും അടർന്നുവീണത്‌ പരിഭ്രാന്തി പടർത്തി. ആൾ നാശം ഉണ്ടായില്ല. കൂടാതെ രാജാക്കാട്‌, നെടുങ്കണ്ടം, അടിമാലി, കുഞ്ചിത്തണ്ണി, ചെമ്മണ്ണാർ, കുത്തുങ്കൽ, തോക്കുപാറ, തുടങ്ങിയ മേഖലകളിൽ വ്യാപക മണ്ണിടിച്ചിൽ ഉണ്ടായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top