19 September Sunday
മരിച്ച ചന്ദനമോഷ്ടാവിനെ തിരിച്ചറിഞ്ഞു

മറ്റൊരാളും വനത്തിൽ കുടുങ്ങിയതായി സംശയം; തെരച്ചിൽ തുടരും

വെബ് ഡെസ്‌ക്‌Updated: Sunday Jul 18, 2021

സതീഷിന്റെ മൃതദേഹം കാട്ടിൽനിന്ന് ചുമന്ന് പുറത്തേക്ക് എത്തിക്കുന്നു

 
മറയൂർ
ചന്ദനം മോഷ്ടിച്ച് കടക്കുന്നതിനിടയിൽ കൊക്കയിൽവീണ് മരിച്ച തമിഴ്നാട് സ്വദേശിയെ തിരിച്ചറിഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റൊരാളും അപകടത്തിൽപ്പെട്ട്‌ വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്‌. ഞായറാഴ്‌ചയും മറയൂർ പൊലീസ് തെരച്ചിൽ തുടരും. 
   തമിഴ്നാട് തിരുപ്പത്തൂർ ജവ്വാദ്‌മലൈ പെരുമ്പള്ളി സ്വദേശി സതീഷ്(27) ആണ്‌ മരിച്ചത്‌. ബന്ധുക്കൾ എത്തിയാൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കൈമാറുമെന്ന്‌ സിഐ പി ടി ബിജോയ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കൊക്കയിൽ വീണ്‌ യുവാവ് അപകടത്തിൽപ്പെട്ടതായി 108 ആംബുലൻസ് സർവീസിൽ വിളിച്ചുപറഞ്ഞത്‌. ചന്ദ്രമണ്ഡലം ഭാഗത്ത്‌ എത്തിയ ആംബുലൻസ്‌ ജീവനക്കാർ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ‌തുടർന്നാണ്‌ ഇവർ പൊലീസിന്‌ വിവരം നൽകിയത്‌. 
   ചന്ദനറിസർവിലെ കുണ്ടക്കാട്ടിൽ ഭാഗത്ത് ചന്ദനമരങ്ങൾ മുറിച്ച് കാട്ടുപാതയിലൂടെ കടക്കുന്നതിനിടയിലാണ് പാറക്കെട്ടിൽനിന്ന്‌ വഴുതി സതീഷ്‌ കൊക്കയിലേക്ക്‌ പതിച്ചത്‌.  
   ഇയാളുടെ അടുത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണിലെ വിവരങ്ങളും പോക്കറ്റിലുണ്ടായിരുന്ന കുറിപ്പുകളും വച്ചാണ് പൊലീസ്‌ ആളെ തിരിച്ചറിഞ്ഞത്‌. എന്നാൽ, സതീഷിന്റെ കൈവശമുണ്ടായിരുന്ന ഫോണിൽ വിളിച്ചപ്പോൾ തന്റെ ഭർത്താവിനെ കാണാതായതായി ഒരു യുവതി അറിയിച്ചിട്ടുണ്ട്‌. മരിച്ച സതീഷിന്റെ ചിത്രം കണ്ട യുവതി പരിചയമില്ലെന്നും പറഞ്ഞു. ഇതോടെയാണ്‌ ഒരാൾകൂടി കാട്ടിൽ അപകടത്തിൽപ്പെട്ടതായുള്ള സംശയം ബലപ്പെട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top