05 August Thursday
ഇന്ധനവില വർധനയ്ക്കെതിരെ

ചക്രസ്‌തംഭന സമരം 21ന്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021
കട്ടപ്പന
കേന്ദ്രസർക്കാരിന്റെ അടിക്കടിയുള്ള പെട്രോളിയം വിലവർധനയ്‌ക്കെതിരെ 21ന് പകൽ 11ന്‌ 15 മിനിട്ട് മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട്‌ ചക്രസ്‌തംഭന സമരം നടത്തുമെന്ന്‌ ട്രേഡ് യൂണിയൻ സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൽ ബിഎംഎസ്‌ ഒഴികെയുള്ള പത്ത്‌ ട്രേഡ്‌ യൂണിയനുകൾ പങ്കെടുക്കും.
 പെട്രോൾ, ഡീസൽ വില ദിവസവും വർധിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 98 രൂപയും ഡീസൽ ലിറ്ററിന് 88 രൂപയുമാണ് വില. 2014ൽ മോഡി അധികാരമേൽക്കുമ്പോൾ ഒരു ലിറ്റർ പെട്രോളിന് 72.26 രൂപയും ഡീസലിന് 55.48 രൂപയുമായിരുന്നു. കൂടാതെ പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുകയാണ്‌. കോർപറേറ്റുകൾക്ക് നികുതി ഇളവ് നൽകുന്ന സർക്കാർ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്.
    കോവിഡ് മഹാമാരിക്കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ പകൽക്കൊള്ളയെന്നും നേതാക്കൾ പറഞ്ഞു. കോവിഡ്‌കാലമായതിനാൽ ആംബുലൻസുകളെ സമരത്തിൽനിന്ന്‌ ഒഴിവാക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, കെടിയുസി, എച്ച്‌എംടിഎ, എസ്‌ടിയു, എഐയുടിയുസി, എസ്‌ഇഡബ്ല്യുഎ, ടിയുസിഐ, ടിയുസിസി, എൻസിസി എന്നീ സംഘടനകൾ സമരത്തിൽ പങ്കെടുക്കും. 
    വാർത്താസമ്മേളനത്തിൽ ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതാക്കളായ കെ എസ്‌ മോഹനൻ, കെ ആർ സോദരൻ, എം സി ബിജു, ജെയിംസ്‌ മാമൂട്ടിൽ, രാജൻകുട്ടി മുതുകുളം, എം കെ ബാലചന്ദ്രൻ, സി ജെ ജോമോൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top