17 July Wednesday

കുടിവെള്ളം പാഴാവുകയാണ‌്; കുലുക്കമില്ലാതെ അധികൃതർ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

  

കട്ടപ്പന 
അശോക ജങ‌്ഷനിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴായിട്ടും നടപടി എടുക്കാതെ അധികൃതർ. കട്ടപ്പന നഗരസഭയുടെ ടൗൺ കുടിവെള്ള പദ്ധതിയുടെ പൈപ്പാണ് മണിക്കൂറുകളോളം പൊട്ടിയൊഴുകിയത‌്. കട്ടപ്പന അശോക ജങ‌്ഷനിൽനിന്ന് പച്ചക്കറി മാർക്കറ്റിലേക്ക് ഇറങ്ങുന്ന വഴിയിലാണ് പൈപ്പുപൊട്ടി വെള്ളം പാഴായത്. വെള്ളം മാർക്കറ്റിലേക്ക് ഒഴുകിയിറങ്ങിയതോടെ ഇതുവഴി പോകുന്നവരും ബുദ്ധിമുട്ടി. കട്ടപ്പന ടൗണിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന‌് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ‌് കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഇതിനായി കട്ടപ്പന ഡിവൈഎസ‌്പി ഓഫീസിനു സമീപം കുളവും നിർമിച്ചു. 
എന്നാൽ, കുളത്തിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന‌് കണ്ടത്തിയതിനാൽ കുളം ഉപേക്ഷിച്ചു. പിന്നീട് പുതിയ കുഴൽകിണർ നിർമിച്ചു. കട്ടപ്പന ടാക‌്സി സ്റ്റാൻഡിനുസമീപം ടാങ്ക‌് നിർമിച്ചാണ് ടൗണിന്റെ വിവിധ മേഖലകളിൽ വെള്ളം എത്തിക്കുന്നത്. എന്നാൽ, നാലുമാസമായി പല ഭാഗത്തും പൈപ്പുപൊട്ടി വെള്ളം പാഴാകുന്നു. അധികൃതരെ വിവരം അറിയിച്ചിട്ടും നടപടിയില്ലെന്ന‌് വ്യാപാരികൾ പറയുന്നു. ജനങ്ങൾ കുടിവെള്ളം പണംനൽകി വാങ്ങുമ്പോഴാണ് നഗരസഭ ഇത്തരത്തിൽ കുടിവെള്ളം പാഴാക്കുന്നത്. 
പ്രധാന വാർത്തകൾ
 Top