22 September Sunday

വീട്ടമ്മമാർക്ക‌് പ്രകാശമായി ‘അനുശ്രീ’

വെബ് ഡെസ്‌ക്‌Updated: Saturday May 18, 2019
ഇടുക്കി
അനുശ്രീ ന്യൂട്രിമിക‌്സ‌് പ്രകാശമാകുന്നത‌് 12 വീട്ടമ്മമാരുടെ ജീവിതത്തിലേക്കാണ‌്. ഇവർക്ക‌് പറയാനുള്ളത‌് നിറസംതൃപ്തിയുടെ കഥകൾ മാത്രം. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കുടുംബത്തിലെ അംഗങ്ങളാണ‌് മിക്കവരും. ജീവിതശൈലി മെച്ചപ്പെടാൻ സംരംഭം ഒരു കാരണമായെന്നും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞുവെന്നും ഒരേ സ്വരത്തിൽ ഇവർ പറയുന്നു.
2005ലാണ് നെടുങ്കണ്ടം സിഡിഎസ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അന്നത്തെ സിഡിഎസ് ചെയർപേഴ്സൺ ആയിരുന്ന ഷൈലജ ബാലചന്ദ്രന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പഞ്ചായത്തിലെ 22 വാർഡിലുള്ള 12 അയൽക്കൂട്ടത്തിൽനിന്നും ഓരോരുത്തർ വീതം 12 പേരെ സംരംഭത്തിൽ പങ്കാളികളാക്കി. ഇവർക്ക‌് കാസർകോട‌് ജില്ലയിൽ പരിശീലനം നൽകി. ജലീല, സിന്ധു പ്രശാന്ത്, ബിന്ദു സുബാഷ്, ലിന്റോ സോണി, കെ ശ്രീകുമാരി, ആശ ജയപ്രസാദ്, നസീല ഷാജി, മീന ജെയിംസ്, മിനി മാത്യു, മിനി ജയൻ, മിനി ബാബു, ഓമന ബാബു എന്നിവരാണ് സംരംഭത്തിന്റെ അമരക്കാർ. പരിശീലനം പൂർത്തിയാക്കിയശേഷം പ്രാരംഭഘട്ടം എന്ന നിലയിൽ 2005 മാർച്ച് 25ന‌് ഒരു വാടക കെട്ടിടത്തിൽ ഇവർ സംരംഭത്തിന‌് തുടക്കമിട്ടു.
 അനുശ്രീ എന്ന പേരും നൽകി. ആദ്യകാലങ്ങിൽ സംരംഭം മുന്നോട്ട് കൊണ്ടുപോകാൻ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി. ഈ സമയത്തെല്ലാം ഗുണഭോക്തൃ വിഹിതം സഹായകമായി. അതിനുശേഷം വീടുകൾ തോറും കയറിയിറങ്ങി അമൃതം പ്ലസ് എന്ന വിഭവം വിറ്റഴിച്ചു. ഇതിൽനിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കാഞ്ഞതിനാൽ ശമ്പളംപോലും ആരും എടുത്തിരുന്നില്ല.  ടൈം ടേബിൾ അനുസരിച്ചാണ് ജോലികൾ ക്രമീകരിച്ചിരിക്കുന്നത്. പുറംപണി മുതൽ സീൽ ചെയ്ത് ചാക്കിൽ അടുക്കുന്നതു വരെ എല്ലാ ജോലികളിലും എല്ലാവരും പങ്കാളികൾ. 12 ദിവസം കൂടുമ്പോൾ ജോലികൾ മാറിക്കൊണ്ടിരിക്കും. സംരംഭത്തെ മെച്ചപ്പെടുത്തി സ്ഥിരവരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇവർ യൂണിയൻ ബാങ്കിൽനിന്നും അഞ്ചേകാൽ ലക്ഷം രൂപ വായ്പയെടുത്ത‌് യന്ത്രങ്ങൾ വാങ്ങുകയും ചെയ്തു. 
    2008ൽ ഐസിഡിഎസ് ഓർഡർ കിട്ടിയതിനാൽ കാന്തല്ലൂർ, മറയൂർ, ദേവികുളം, രാജാക്കാട്, രാജകുമാരി, സേനാപതി, നെടുകണ്ടം,അയ്യപ്പൻകോവിൽ, കാഞ്ചിയാർ എന്നീ പഞ്ചായത്തുകളിലെ പോഷകാഹാര വിതരണം ഏറ്റെടുത്തു. ഇതോടെ സംരംഭം ലാഭത്തിലെത്തുകയും അതിൽനിന്നും ഓരോരുത്തർക്കും ശമ്പളം കൊടുക്കാനും കഴിഞ്ഞു. 2011ൽ സഫല പദ്ധതി പ്രകാരം കൗമാരക്കാരായ കുട്ടികൾക്ക് എജി ഫുഡ് വിതരണം ചെയ്യാനുള്ള ഓർഡറും ലഭിക്കുകയുണ്ടായി. 2011ൽ അരിപ്പൊടി, പുട്ടുപൊടി, റവ തുടങ്ങിയ ഉൽപന്നങ്ങൾ തയ്യാറാക്കാൻ തുടങ്ങി. 
വാടക കെട്ടിടത്തിൽനിന്നും സ്വന്തം കെട്ടിടത്തിലേക്ക‌് മാറാനുള്ള ആഗ്രഹത്താൽ ലാഭവിഹിതത്തിൽനിന്നും പണം മിച്ചംപിടിച്ചു 18 സെന്റ് സ്ഥലം വാങ്ങി. പഞ്ചായത്തുകളിൽനിന്നും ഓർഡറുകൾ ചോദിച്ചു വാങ്ങുന്നതുതുടർന്നു. പിന്നീട് 18 സെന്റ് സ്ഥലം വിറ്റു. ഇതിന്റെ ലാഭവിഹിതവും ചേർത്തു 40 സെന്റ് സ്ഥലം വാങ്ങി കെട്ടിടംവച്ചു. 2018 ജൂലൈ ഒന്നിന് ഈ കെട്ടിടം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തതോടെ സംരംഭത്തിന് കൂടുതൽ ശ്രദ്ധ ആകർഷിക്കാനായി. 
ഹെൽത്ത് ഇൻസ്പെക്ടർ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ  ടി ജി അജേഷ്, എഡിഎം സി ആർ ബിനു, നെടുങ്കണ്ടം സിഡിഎസ് ചെയർപേഴ്സൺ ലൂസിയ ജോയ് എന്നിവർ യൂണിറ്റ് സന്ദർശിക്കുകയും നിർദേശങ്ങൾ നൽകി വരുകയും ചെയ്യുന്നു. ഇപ്പോഴത്തെ ആസ്തി ഒരു കോടിയാണ്. സാമ്പത്തികാവസ്ഥ ഇത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഈ 12 പേരുടെയും ഒത്തൊരുമയും പരസ‌്പര വിശ്വാസവും കഷ്ടപ്പാടിൽ തളരാത്ത മനസ്സുംകൊണ്ട് മാത്രമാണ്. 
 
 
 
പ്രധാന വാർത്തകൾ
 Top