23 May Thursday

മോഡി സര്‍ക്കാര്‍ ജനങ്ങളെ പരമാവധി ദ്രോഹിച്ചു: പീതാംബരന്‍ മാസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019
തൊടുപുഴ
മോഡി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് മാത്രമല്ല ജനങ്ങളെ പരമാവധി ദ്രോഹിക്കുകയും ചെയ്തെന്ന് എൻസിപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. അഡ്വ. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തൊടുപുഴയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതം താറുമാറാക്കിയ ബിജെപി ഭരണം ഭരണഘടനയെ നിഷ‌്പ്രഭമാക്കാനും ശ്രമിച്ചു. വിദേശത്തടിച്ച കള്ളനോട്ടുകൾ വെളുപ്പിക്കാനായിരുന്നു നോട്ടുനിരോധനം. നോട്ടുനിരോധനം മൂലമുണ്ടായ സാമ്പത്തികാഘാതം കാർഷിക മേഖലയെയാണ് ബാധിച്ചത്.
കർഷകരും ചെറുകിട വ്യാപാരികളും പാപ്പരായി. സർക്കാരിന്റെ ദുർനടപടികളെ എതിർക്കുന്നവരെ മതവിദ്വേഷം വളർത്തി വർഗീയാധിപത്യത്തിലൂടെ നേരിടാനാണ് ശ്രമിച്ചത്. സർക്കാരിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരെ ഉന്മൂലനം ചെയ്യുന്ന സമീപനമാണ് മോഡിക്കുള്ളത്. 
രാഹുലിന്റെ ആശയമാണ് കേരളത്തിലെ കോൺഗ്രസ് അംഗീകരിക്കുന്നതെങ്കിൽ കോൺഗ്രസുകാർ എൽഡിഎഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യേണ്ടിവരും. കേരളത്തിലെ കോൺഗ്രസ് ആർക്കൊപ്പമാണെന്ന് അവർക്കുപോലും അറിയില്ലാത്ത സ്ഥിതിയാണ്.  പ്രളയക്കെടുതിയിലായ കേരളത്തെ ശ്വാസം മുട്ടിക്കുന്ന സമീപനം സ്വീകരിച്ച കേന്ദ്രഭരണത്തെ സഹായിക്കുന്ന സമീപനമായിരുന്നു കോൺഗ്രസിനെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top