25 March Monday

പ്രളയത്തിൽ ഒറ്റപ്പെട്ട് ഇടുക്കി

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ‌്പിൽവേ ഷട്ടർ തുറന്നതിനെ തുടർന്ന‌് ചപ്പാത്ത‌് പാലം വെള്ളത്തിൽ മുങ്ങിയപ്പോൾ

ഇടുക്കി
ഏഴ‌് ദിവസമായി പെയ്യുന്ന കനത്ത പേമാരിയിൽ ഒറ്റപ്പെട്ട‌് ഇടുക്കി. വൈദ്യുതി, ഇന്റർനെറ്റ‌് സംവിധാനങ്ങൾ നിശ‌്ചലമായതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി. ഓരോ മേഖലയിൽനിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് മാറ്റിക്കൊണ്ടിരിക്കുന്നു. ജില്ലയിലേക്ക് പ്രവേശിക്കുന്ന വിവിധ പാതകൾ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടെ ജില്ലയുടെ വിവിധ മേഖലകളിലേക്ക് എത്തുവാൻ സാധിക്കാതായി. മൂന്നാർ, കുമളി, നെടുങ്കണ്ടം, കട്ടപ്പന, അടിമാലി ഉൾപ്പെടെ നിരവധി പട്ടണങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. 
പ്രധാന സംസ്ഥാന പാതയായ കുമളി ﹣മൂന്നാർ പാതയും പൂർണമായും ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്. കൊച്ചി ധനുഷ‌്കോടി ദേശീയപാതയിൽ വിവിധയിടങ്ങളിൽ ഗതാഗതനിയന്ത്രണം മുന്നേതന്നെ ഏർപ്പെടുത്തിയിരുന്നു. തൊടുപുഴയിൽനിന്നും ഇടുക്കിയിലേക്ക് എത്തുവാനും മാർഗമില്ല.  നിരവധി റോഡുകൾ ആണ് ഇവിടെ തകർന്നത്. മുല്ലപ്പെരിയാർ സ‌്പിൽവേ ഷട്ടറുകൾതുറന്ന‌് ചപ്പാത്ത‌് പാലം മുങ്ങിയതോടെ ഗതാഗതം ബുധനാഴ‌്ചതന്നെ നിരോധിച്ചു. ഇതോടെ കട്ടപ്പനയിലേക്ക് എത്തുവാൻ കഴിയാത്ത സ്ഥിതിയാണ്. വാഗമൺ വഴിയിലും നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. 
പാലത്തിന‌് മുകളിലൂടെ നാലടി ഉയരത്തിൽ വെള്ളമൊഴുകി ചപ്പാത്ത‌്, ഉപ്പുതറ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൂടാതെ പ്രധാന റോഡുകൾ എല്ലാം മണ്ണിടിഞ്ഞ‌് നശിച്ചു. ഉപ്പുതറ പാലത്തിലും വെള്ളംകയറി. കടകമ്പോളങ്ങളിലെ ആളുകളെയും തീരപ്രദേശത്തെ ആളുകളെയും ജില്ലാഭരണസംവിധാനം ഉപ്പുതറ സെന്റ‌് ഫിലോമിനാസ‌് സ‌്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും ചപ്പാത്ത‌്, വള്ളക്കടവ‌്, ഹെലിബറിയ എന്നീ പ്രദേശങ്ങളിലെ  ആളുകളെ ഹെലിബറിയ ഓർത്തഡോക‌്സ‌് പള്ളി പാരിഷ‌്ഹാളിലെ ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിച്ചു. പുളിയൻമല﹣ തൊടുപുഴ സംസ്ഥാന പാതയിൽ  ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ചെറുതോണി പാലം പൂർണമായും വെള്ളത്തിനടിയിലായി. ഇതുവഴിയും ഗതാഗതം നിരോധിച്ചു.കട്ടപ്പന﹣ കുട്ടിക്കാനം സംസ്ഥാനപാതയിൽ മേമലക്ക‌ുസമീപം റോഡ‌് 30 മീറ്ററോളം വിണ്ട‌് ഗതാഗതം നിലച്ചു. 
 പൈനാവിനുസമീപം മീൻമുട്ടിയിൽ പുലർച്ചെ മണ്ണിടിഞ്ഞിരുന്നു. എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥരും ഹാം റേഡിയോ ഓപ്പറേറ്റർമാരും ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി എത്തി ഇവിടുത്തെ മണ്ണ് നീക്കംചെയ്തു. യാത്രക്കാരെ സുരക്ഷിതരാക്കി. ഈ റോഡ് സഞ്ചാരയോഗ്യമാക്കി മിനിറ്റുകൾക്കകം ഇതേ റൂട്ടിൽ കിലോമീറ്ററുകൾമാത്രം അകലെ പൈനാവ് നിർമിതി കേന്ദ്രയ്ക്കുസമീപം വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇവിടെ റോഡ് ഇടിഞ്ഞുതാഴുകയും ചെയ്തു. വലിയ ഗർത്തം രൂപപ്പെട്ടിരിക്കുന്നതിനാൽ ഈ റൂട്ടിൽ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ട് കെഎസ്‌ആർടിസി ബസുകളിലും ഒരു സ്വകാര്യബസിലും മറ്റ് വാഹനങ്ങളിലുമായി 200ലേറെപ്പേർ ഇവിടെ കുടുങ്ങിയിരുന്നു. ഇവരെ എആർ ക്യാമ്പ‌് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ക്യാമ്പിലേക്ക് എത്തിച്ചു. 
നെടുങ്കണ്ടം മേഖലയിൽ വിവിധ റോഡുകൾ തടസ്സപ്പെട്ടു. നെടുങ്കണ്ടത്തുനിന്നും കല്ലാർ ചേമ്പളം റോഡ്, ചേമ്പളം എഴുകുംവയൽ റോഡ്, എഴുകുംവയൽ കട്ടപ്പന റോഡ്, നെടുങ്കണ്ടം മുണ്ടിയെരുമ റോഡ്, താന്നിമൂട് കോമ്പയാർ റോഡിലെ ചില ഭാഗങ്ങൾ, കൽകൂന്തൽ മഞ്ഞപ്പെട്ടി മാവടി കൈലാസം റോഡ്, തുടങ്ങിയിടങ്ങളിലെല്ലാം മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top