കട്ടപ്പന
മദ്യലഹരിയിൽ ബസോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ കേസെടുത്തു. കട്ടപ്പന–- ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കെ ഇ മോട്ടോഴ്സിലെ ഡ്രൈവർ മുക്കൂട്ടുതറ സ്വദേശി സന്തോഷിനെ (46) യാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. കേസെടുത്ത ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തിങ്കൾ വൈകിട്ട് 5.30 ഓടെ പള്ളിക്കവലയിൽ ഫെഡറൽ ബാങ്കിന്റെ പുതിയ ശാഖയ്ക്ക് മുൻപിൽ പാർക്ക് ചെയ്തിരുന്ന കാഞ്ചിയാർ സ്വദേശി ജിൽസന്റെ സ്വിഫ്റ്റ് കാറിന് പിന്നിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ചു. അപകടമുണ്ടാക്കിയിട്ടും ബസ് നിർത്താതെ പോയതോടെ കാറുടമ പൊലീസിൽ വിവരമറിയിച്ചു. കട്ടപ്പനയിൽ നിന്നും പൊലീസ് പിന്നാലെ എത്തി ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അനുസരിച്ചില്ല. പിന്തുടർന്ന പൊലീസ് കാഞ്ചിയാർ പള്ളിക്കവലയിൽ വച്ച് ബസ് തടഞ്ഞു. മെഡിക്കൽ പരിശോധനയിലാണ് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ കസ്റ്റഡിയിൽ എടുത്തു.
വിദ്യാർഥികളടക്കം നിറയെ ആളുകളുമായാണ് ഇയാൾ അമിത വേഗത്തിൽ ബസ് ഓടിച്ച് അപകടമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പനയിൽ നിന്നും ചങ്ങനാശ്ശേരിക്കുള്ള അവസാന സർവ്വീസായതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ച് മറ്റൊരു ഡ്രൈവറെ എത്തിച്ച് യാത്ര തുടരാൻ പൊലീസ് അനുവദിച്ചു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറുടെ ലൈസൻസ് അടക്കം റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. എസ്ഐ മധു, സി പിഒമാരായ സനീഷ്, സിയാദ് എന്നിവരാണ് പിന്തുടർന്ന് ബസ്ഡ്രൈവറെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..