18 May Tuesday

ഉയർന്നു തൂക്കുപാലം, കുതിക്കാൻ 
നാടും വിനോദസഞ്ചാരവും

വെബ് ഡെസ്‌ക്‌Updated: Saturday Apr 17, 2021

മാങ്കുളം ആറാംമെെലിൽ നല്ലതണ്ണിയാറിന് കുറുകെ നിര്‍മിച്ച പുതിയ തൂക്കുപാലം

അടിമാലി
പ്രളയം തകര്‍ത്ത മാങ്കുളം ആറാംമൈലിലെ തൂക്കുപാലം പുനര്‍നിര്‍മിച്ചു. ആറാംമൈലില്‍ ജോര്‍ജിയാര്‍ പള്ളിക്കു സമീപം നല്ലതണ്ണിയാറിനു കുറുകെയാണ്‌ ആട്ടുപാലമെന്ന് നാട്ടുകാര്‍ വിളിക്കുന്ന പഴയ തൂക്കുപാലമുണ്ടായിരുന്നത്. പ്രദേശവാസികള്‍ പുഴ കടക്കാൻ ആശ്രയിച്ചതിനൊപ്പം മാങ്കുളത്തേക്ക്‌ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രം കൂടിയായിരുന്നു തൂക്കുപാലം. പാലത്തില്‍ കയറി ചിത്രം പകര്‍ത്താനും പുഴയുടെ ഭംഗി ആസ്വദിക്കാനുമൊക്കെ ദിവസവും സഞ്ചാരികള്‍ ഇവിടേയ്‌ക്ക്‌‌ എത്തിയിരുന്നു. എന്നാല്‍, പ്രളയകാലത്ത് പാലം തകര്‍ന്നതോടെ നാട്ടുകാരുടെ യാത്രാമാർഗം ഇല്ലാതായി. ഒപ്പം പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതയ്‌ക്കും മങ്ങലേറ്റു. പാലത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുതിയ തൂക്കുപാലം നിർമിക്കാന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. പുതിയ തൂക്കുപാലം മാങ്കുളത്തിന്റെ വിനോദസഞ്ചാര മേഖലയ്‌ക്കും കരുത്താകുമെന്നാണ് പ്രതീക്ഷ. പുഴയ്‌ക്ക്‌ ഇരുവശവും വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മിച്ച് അതിലാണ് തൂക്കുപാലം ബന്ധിപ്പിച്ചിട്ടുള്ളത്. 54 മീറ്റര്‍ നീളം പാലത്തിനുണ്ട്. പുഴ കരകവിഞ്ഞാലും അതിജീവിക്കാന്‍ കഴിയുംവിധം ഉയരത്തിലാണ് പുതിയ തൂക്കുപാലത്തിന്റെ നിര്‍മാണം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top