22 May Wednesday

ജോയ്സിന്റെ വിജയം ഉറപ്പാക്കണം: കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019
കട്ടപ്പന
പാർലമെന്റിലും ഇടുക്കി മണ്ഡലത്തിലും മികവുറ്റ പ്രവർത്തനം നടത്തിയ ജനപ്രതിനിധിയാണ് ജോയ്സ് ജോർജെന്നും ഇനിയും വികസന തുടർച്ച ഉണ്ടാവാൻ ജോയ്സിന്റെ വിജയം ഉറപ്പാക്കണമെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കട്ടപ്പനയിൽ ഇടത് യുവജന സംഘടനകൾ സംഘടിപ്പിച്ച യൂത്ത‌് പാർലമെന്റ‌് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി ചെറുക്കാൻ കോൺഗ്രസിനാവില്ല. രാജ്യത്ത് മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ വേണ്ടി പോരാടുന്നത് ഇടതുപക്ഷമാണ്. വർഗീയതുമായി പലവിധത്തിലും സന്ധി ചെയ്യുകയാണ‌് കോൺഗ്രസ‌്. ബിജെപിക്കെതിരെയുള്ള വിശാലഐക‌്യ സഖ‌്യം കോൺഗ്രസ‌് തന്നെ പൊളിച്ചു. രാജ‌്യത്ത‌് ആറ‌്  സംസ്ഥാനങ്ങളിൽ മാത്രമാണ‌് കോൺഗ്രസും ബിജെപിയും നേരിട്ട‌് ഏറ്റുമുട്ടുന്നത‌്. 
    ഈ തെരഞ്ഞെടുപ്പ് മതനിരപേക്ഷ തത്വങ്ങളും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്നതിനുള്ള പോരാട്ടം കൂടിയാണ്. ഒരിക്കൽ കൂടി മോഡി അധികാരത്തിൽ വന്നാൽ ഭരണഘടനയെ തന്നെ ഇല്ലാതാക്കും. ഹിന്ദു രാഷ്ട്രവാദം ഉയർത്തിക്കാട്ടി അഹിന്ദുക്കൾക്കു നേരെ ഉന്നമിട്ട‌് ഭരണം നടത്തുന്ന ബിജെപിക്ക് രാജ്യത്തിന്റെ ബഹുസ്വരതയും തുല്യതയും സംരക്ഷിക്കാനാവില്ല. അവർ രാജ്യത്തുള്ള ജനവിഭാഗങ്ങളെ ശത്രുക്കളാക്കി ദേശീയ വാദം ഉയർത്തുന്നു. മത ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരും മറ്റ് വിമർശകരും അവരുടെ ശത്രുക്കളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ യുവജനങ്ങളെ കബളിപ്പിച്ചു. പ്രതിവർഷം രണ്ട് കോടി തൊഴിൽ നൽകുന്ന വാഗ്ദാനം വെറുംവാക്കായി. 45 വർഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇപ്പോൾ രാജ്യത്തുള്ളത്. സർവ മേഖലയേയും നോട്ടു നിരോധനത്തിലൂടെ തരിപ്പണമാക്കി. രാജ്യത്ത് 28,000 കൃഷിക്കാരാണ് കഴിഞ്ഞ അഞ്ച‌് വർഷത്തിനകം ജീവനൊടുക്കിയത്. കൃഷി ചെലവിന്റെ പകുതി സബ്സിഡി നൽകുമെന്നായിരുന്നു മോഡിയുടെ വാഗ്ദാനം. എന്നാൽ, വാഗ്ദാനം നടപ്പാക്കിയില്ലെന്ന് മാത്രമല്ല, കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളും ജനതയേയും സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് സ്വാധീനമുള്ള സർക്കാർ ഉണ്ടാവണമെന്നും ജോയ്സ് ജോർജിന്റെ വിജയം ഉറപ്പിക്കാൻ എല്ലാ വോട്ടർമാരും സജീവമായി രംഗത്തിറങ്ങണമെന്നും കാരാട്ട് പറഞ്ഞു. മന്ത്രി എം എം മണി സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top