24 May Friday

ബിജെപിയെ ശക്തിപ്പെടുത്തിയത് കോൺഗ്രസ്: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 17, 2019

 കട്ടപ്പന

രാജ്യത്ത‌് ബിജെപിയെ ശക്തിപ്പെടുത്തിയത് കോൺഗ്രസ് ആണെന്ന് മന്ത്രി എം എം മാണി. എൽഡിവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത‌് പാർലിമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് തകർക്കാൻ ആർഎസ്എസ് തീരുമാനിച്ചപ്പോൾ തടയാൻ ശ്രമിക്കാതെ ഒത്താശ ചെയ്യുകയാണ് കോൺഗ്രസ് സർക്കാർ ചെയ്തത്. തീവ്രഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഇതാണ‌് ബിജെപി അധികാരത്തിലെത്താൻ കാരണം. ഇതിന‌് ജനങ്ങളുടെ മുമ്പിൽ കുറ്റസമ്മതം നടത്താൻ സോണിയ ഗാന്ധിയും എ കെ ആന്റണിയും ഉൾപ്പെടെയുള്ളവർ തയ്യാറാകണം. രാജ്യത്തെ ഭരണഘടനയും മതേതര ജനാധിപത്യ മൂല്യങ്ങളും നിലനിൽക്കുമോ എന്നതാണ‌് തെരഞ്ഞെടുപ്പിൽ ഉയരുന്ന പ്രധാനചോദ്യം. ആർഎസ്എസ് ഇന്ത്യയുടെ മൂല്യങ്ങൾ ഓരോന്നായി ഇല്ലാതാക്കുകയാണ്. ആർഎസ്എസ് തീരുമാനിക്കുന്നത് മോഡി നടപ്പാക്കുന്ന കാഴ്ചയാണ് കാണുന്നത്. ഗുജറാത്തിൽ ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നൊടുക്കിയതിലൂടെയാണ് മോഡിയും അമിത് ഷായും ആർഎസ്എസിന്റെ പ്രിയപ്പെട്ടവരായത്. രാജ്യത്ത‌് ഗോവധത്തിന്റെ പേരിൽ ന്യൂനപക്ഷങ്ങളും ദളിതരും കൊല്ലപ്പെടുമ്പോൾ അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളതെന്നും മന്ത്രി എം എം മണി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top