25 May Monday

ജാഗ്രത പുലർത്തി കോവിഡിനെ അകറ്റാം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 

 
മൂന്നാർ
കോവിഡ് 19നെ നേരിടാൻ സമൂഹത്തിലെ ഓരോ വീടും വ്യക്തിയും കർമസജ്ജരാകണമെന്ന് മന്ത്രി എം എം മണി. മൂന്നാർ ചിന്നക്കനാലിൽ ചേർന്ന ബോധവൽക്കരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെയും പൊതുജനാരോഗ്യ പ്രവർത്തകരുടെയും ജാഗ്രതാ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണം. ഹോംസ്റ്റേകളും റിസോർട്ടുകളും വളരെയധികമുള്ള സ്ഥലമാണ് ചിന്നക്കനാൽ. ഇവിടെ എത്തുന്ന വിദേശ, സ്വദേശ വിനോദസഞ്ചാരികളുടെ വിവരം യഥാസമയം നടത്തിപ്പുകാർ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിക്കണം. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. താരതമ്യേന അപകടകാരിയല്ലാത്ത കോവിഡ് രോഗത്തെ പേടിക്കുകയല്ല, ജാഗ്രതയാണ് വേണ്ടത്. ഇതിനായി എല്ലാവരും അടുത്ത രണ്ടാഴ്ച യുദ്ധകാലാടിസ്ഥാനത്തിൽ രോഗപ്രതിരോധത്തിനായി പ്രവർത്തിക്കണം. ഏതെങ്കിലും രോഗമുള്ളവർ അത് കൃത്യമായി അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അറിയിക്കണം. നിലവിൽ വളരെ മെച്ചപ്പെട്ട രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. എസ് രാജേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ സബ് കലക്ടർ പ്രേംകൃഷ്ണൻ നിലവിലുള്ള സ്ഥിതിയും ഡെപ്യൂട്ടി ഡിഎംഒ പി കെ സുഷമ ജാഗ്രതാ നടപടികളും വിശദീകരിച്ചു. ജനപ്രതിനിധികൾ, റിസോർട്ട്, ഹോംസ്റ്റേ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 
 
പ്രധാന വാർത്തകൾ
 Top