30 May Saturday

കുടുംബശ്രീയെ തകര്‍ക്കാന്‍ ബിജെപി– കോണ്‍ഗ്രസ്‌ കൂട്ടുകെട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 ചെറുതോണി 

സംസ്ഥാനത്ത് 45 ലക്ഷം അംഗങ്ങളുള്ള സ്ത്രീശാക്തീകരണത്തിന്റെ ലോകമാതൃകയായ കുടുംബശ്രീയെ തകർക്കാൻ ബിജെപി– കോൺഗ്രസ്‌ കൂട്ടുകെട്ട്. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് കൂടുമാറിയ മുൻവനിതാ കമീഷനംഗം പ്രമീളാദേവിയാണ് പുതിയ സംഘടനയുടെ ചെയർപേഴ്സൺ. കുമളി പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ്‌ നേതാവുമായ ഷീബ സുരേഷ് വൈസ് ചെയർപേഴ്സണുമാണ്. തൊടുപുഴ കുടയത്തൂരിൽനിന്നുള്ള ബിജെപി പ്രവർത്തകൻ അനന്ദു കൃഷ്‌ണനാണ്‌ ജനറൽ സെക്രട്ടറി.
കോൺഗ്രസ്‌ സംഘടനാ നേതാവും കുടുംബശ്രീയുടെ മുൻ ജില്ലാ മിഷൻ കോഓർഡിനേറ്ററുമായ കെ എസ് രാജീവിനെ മുന്നിൽ നിർത്തി യൂണിറ്റുകൾ രൂപീകരിക്കാനാണ് ഇവരുടെ നീക്കം. 
സംസ്ഥാനത്താകെ ബ്ലോക്ക് തലത്തിലും പഞ്ചായത്ത് തലത്തിലും യൂണിറ്റുകൾ രൂപീകരിച്ച് സ്ത്രീകളെ കുടുംബശ്രീയിൽനിന്ന്  അടർത്തിയെടുത്ത് പ്രസ്ഥാനത്തെ തകർക്കുകയാണ് ലക്ഷ്യം. ആദ്യം ആയിരം രൂപ വീതം മെമ്പർഷിപ്പ് വാങ്ങും. 2000 രൂപ അടച്ചാൽ 20,000 രൂപയുടെ മോട്ടോർ ഘടിപ്പിച്ച തയ്യൽമെഷീൻ നൽകുമെന്നാണ് വാഗ്ദാനം. തയ്യൽകേന്ദ്രം തുടങ്ങി അവിടെനിന്നുള്ള തുണിത്തരങ്ങൾ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലൂടെ വിറ്റഴിച്ച് വരുമാനം നേടാമെന്നാണ് വാഗ്ദാനം. 
ഇതിന് സീഡ് സൊസൈറ്റി എന്നാണ് പേരിട്ടിട്ടുള്ളത്. സോഷ്യോ ഇക്കണോമിക് ആൻഡ്‌ എൺവയൻമെന്റ്‌ ഡെവലപ്മെന്റ്‌ സൊസൈറ്റി എന്ന പേരിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമതലങ്ങളിൽ രജിസ്റ്റർ ചെയ്യാനും നീക്കമുണ്ട്. സർദാർപട്ടേലിന്റെ പേരിലുള്ള സ്ഥാപനം വഴി ഫണ്ട് നൽകുമെന്നും പറയുന്നു. മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, മണ്ണീത്തി, പൊൻകുന്നം, തൊടുപുഴ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സംഘടനയുടെ ബോർഡംഗങ്ങൾ. കട്ടപ്പന ഇടുക്കി ബ്ലോക്കുകളിൽ മൂന്ന്തവണ വീതം യോഗങ്ങൾ ചേർന്നു. കോൺഗ്രസ്‌ നേതാവും കട്ടപ്പന നഗരസഭ മുൻ സിഡിഎസ് ചെയൻപേഴ്സണുമായ  ബിന്ദു ലോഹിദാസും ഇവർക്കൊപ്പമുണ്ട്. 
  വർഗീയ പ്രചാരണത്തിലൂടെ സ്ത്രീകൾക്കിടയിൽ കടന്നുകൂടാനാണ് പദ്ധതി. ഇതിനായി സംഘടനയുടെ ബോർഡംഗങ്ങളും കോഓർഡിനേറ്റർമാരും ഹിന്ദു സമുദായത്തിൽ നിന്നുള്ളവർ മാത്രമാണ്. പെൻഷൻ പറ്റിയ ഹൈന്ദവ ഉദ്യോഗസ്ഥരെ മെമ്പർ സെക്രട്ടറിമാരാക്കാനും ശ്രമമുണ്ട്. 1063 സിഡിഎസ് സമിതികളും 19,489 എഡിഎസ് സമിതികളും 29,92,97 അയൽക്കൂട്ടങ്ങളുമുള്ള മഹത്തായ പ്രസ്ഥാനത്തെ തകർക്കാൻ ബിജെപി– കോൺഗ്രസ്‌ നീക്കത്തിനെതിരെ സ്ത്രീസമൂഹം ഒറ്റക്കെട്ടാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top