29 May Friday
തണ്ടപ്പേര്‌ റദ്ദാക്കിയത്‌ സ്‌റ്റേ ചെയ്‌തു

സഹകരണ ആശുപത്രി: ഭൂമി കൈയേറിയിട്ടില്ലെന്ന്‌ ഉടമ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 17, 2020

 കട്ടപ്പന

നഗരസഭയുടെ ഭൂമി കൈയേറിയെന്നും അനുമതിയില്ലാതെ കെട്ടിടം പണിതെന്നും കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്നുമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ കട്ടപ്പനയിലെ സഹകരണ ആശുപത്രി കെട്ടിടത്തിന്റെ ഉടമ കറുകച്ചേരിൽ ലൂക്ക ജോസഫ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രി ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കിയ കലക്ടറുടെ ഉത്തരവ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌ത്‌ തൽസ്ഥിതി തുടരാൻ ഉത്തരവിട്ടിട്ടുണ്ട്‌. 
ഈ ഭൂമിക്ക്‌ 1979 ൽ തന്റെ അച്ഛന്‌ പട്ടയം കിട്ടിയതാണ്‌. അന്ന്‌ സ്ഥലം പേരിൽ ചേർക്കുകയോ തണ്ടപ്പേർ പിടിക്കുകയോ ചെയ്തിരുന്നില്ല. കുടുംബപരമായ കാരണങ്ങളാൽ പട്ടയം അച്ഛനാണ്‌ സൂക്ഷിച്ചിരുന്നത്‌. അദ്ദേഹത്തിന്റെ കാലശേഷം സ്ഥലം പോക്കുവരവ് ചെയ്‌തുവാങ്ങി കരമടയ്‌ക്കുന്നു. ഈ വർഷത്തെ ഉൾപ്പെടെ കരമടച്ചിട്ടുണ്ട്‌. ഇതിനിടയിൽ ഗണപതിപ്ലാക്കൽ സിബിക്കുട്ടി സെബാസ്റ്റ്യൻ എന്നയാൾ കരമടയ്‌ക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ തന്റെ വസ്തുവിന്റെ തണ്ടപ്പേരും സിബിക്കുട്ടിയുടെ സ്ഥലത്തിന്റെ തണ്ടപ്പേരും ഒന്നാണെന്ന്‌ കണ്ടെത്തി. സിബിക്കുട്ടിയുടെ പരാതിയിൽ കലക്ടർ അന്വേഷണം നടത്തി തന്റെ ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കി. സിബിക്കുട്ടിയുടെ  പട്ടയത്തിന്റെ നിജസ്ഥിതി ബോധ്യപ്പെട്ടശേഷം മാത്രം കരം സ്വീകരിച്ചാൽ മതിയെന്ന് വില്ലേജ് ഓഫീസർക്ക് നിർദേശം നൽകുകയും ചെയ്തു. 
കട്ടപ്പന പഞ്ചായത്തായിരിക്കെ എല്ലാ അനുമതിയോടുംകൂടിയാണ്‌ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടംപണി ആരംഭിച്ചത്‌. ആദ്യം മൂന്ന്‌ നിലയായിരുന്നു. നഗരസഭ ആയശേഷം അനുമതി വാങ്ങി രണ്ടുനിലകൂടി പൂർത്തിയാക്കി. 2019 ഏപ്രിൽ ആറിന്‌ ഇതിന്റെ പൂർത്തീകരണ സർട്ടിഫിക്കറ്റ്‌ ലഭിച്ചു. മേൽക്കൂര പണിതത്‌ പിഴയൊടുക്കി ക്രമവൽവൽക്കരിക്കുകയും ചെയ്‌തു. ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും കെട്ടിട നമ്പരും ലഭിച്ചിട്ടുണ്ട്‌. കെട്ടിടനികുതിയും അടച്ചുവരുന്നതാണ്‌. എന്നാൽ, ഈ വർഷത്തെ കെട്ടിടനികുതി അടയ്‌ക്കാൻ ചെന്നപ്പോൾ നഗരസഭ ചെയർമാന്റെ അനുമതിയില്ലാതെ കരം സ്വീകരിക്കേണ്ട എന്ന് പറഞ്ഞിട്ടുള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു. 
കട്ടപ്പനയിലെ മറ്റ്‌ സ്ഥലങ്ങളുടെ തണ്ടപ്പേരുകളും അന്വേഷിക്കണം. ആശുപത്രി ഇല്ലാതാക്കാനുള്ള ബോധപൂർവ ശ്രമമാണെന്ന്‌ മനസ്സിലാക്കുന്നുവെന്നും ലൂക്കാ ജോസഫും സഹോദരന്റെ മകൻ ജിയോ ജോർജും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top