03 March Wednesday
മറയൂർ ശര്‍ക്കര ഉൽ‌പ്പാദനം നിലച്ചു

കയ്‌പ്പായി കണ്ണീർമഴ

സ്വന്തം ലേഖകൻUpdated: Sunday Jan 17, 2021
മറയൂർ
രണ്ടരമാസമായി തുടരുന്ന മഴയിലും മൂടൽമഞ്ഞിലും മറയൂരിലെ ശർക്കര വ്യവസായം പൂർണമായും നിലച്ചു. മറയൂർ പുതച്ചിവയൽ, കോട്ടകുളം, കൂടവയൽ നാച്ചിവയൽ തുടങ്ങിയ പ്രധാന ശർക്കര ഉൽപ്പാദന കേന്ദ്രങ്ങളിലെല്ലാം കരിമ്പ് വെട്ടുന്നതും ശർക്കര നിർമാണവും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. മഴനിഴൽ പ്രദേശമായ മറയൂർ,- കാന്തല്ലൂർ പ്രദേശങ്ങളിൽ നൂൽമഴയാണ് സാധാരണ ലഭിക്കാറുള്ളത്. എന്നാൽ, പതിവിനു‌ വിപരീതമായി ഇത്തവണ കനത്ത മഴയാണ് പെയ്യുന്നത്‌. മറയൂരിൽ ഏറ്റവുമധികം ശർക്കര നിർമാണം നടക്കുന്നത് ഒക്ടോബർ മുതൽ ജനുവരി വരെയാണ്‌. ഈ സീസണിലാണ് ഏറ്റവും ഉയർന്ന വില കർഷകർക്ക് ലഭിക്കുന്നതും. ശർക്കര വ്യവസായം നിലച്ചതോടെ തൊഴിൽമേഖലയും പ്രതിസന്ധിയിലായി. ലോക്ക്‌ഡൗൺ‌ കാലത്ത്‌ പ്രതിസന്ധിയിലായ ശർക്കര വ്യവസായം ഓണക്കാലത്താണ് അതിജീവിച്ചത്‌. ഇതിനിടെ കാലാവസ്ഥ വെല്ലുവിളിയായെത്തി‌. ഒക്ടോബർ അവസാനം ആരംഭിച്ച മഴയും മൂടൽമഞ്ഞും ഇപ്പോഴും തുടരുകയാണ്‌. പരമ്പരാഗത കൂടിൽവ്യവസായമായ ശർക്കര നിർമാണം ആലപ്പുരകൾ എന്ന് അറിയപ്പെടുന്ന നൂറിലധികം ചെറുകിട യൂണിറ്റുകളിലാണ് നടക്കുന്നത്‌. 
 മണ്ഡലകാലത്തിനു മുന്നോടിയായി കരിമ്പ് വെട്ടിയിരുന്നു. ശർക്കര ഉൽപ്പാദിപ്പിക്കാൻ തുടങ്ങുന്നതിനിടെയാണ്‌ മഴ എത്തിയത്‌. കരിമ്പ് വെട്ടിയശേഷം നീരെടുത്ത ശേഷമുള്ള ചക്ക് ഉണക്കിയെടുത്താണ് ശർക്കര നിർമാണത്തിന്‌ ഉപയോഗിക്കുന്നത്‌. കനത്ത കരിമ്പുവെട്ടുന്നതിനും ചക്ക് ഉണക്കുന്നതിനും മഴ തടസ്സമായി. കരിമ്പ് വെട്ടാൻ കഴിയാതെ അധികമായി വിളഞ്ഞുപോയാൽ ഉൽപ്പാദനവും ഗുണനിലവാരവും കുറയുമെന്നും കർഷകർ പറയുന്നു. മറയൂർ ശർക്കര ഉൽപ്പാദനം നിലച്ചതിനാൽ വ്യാജ ശർക്കര വിപണിയിലെത്താനും സാധ്യതയേറെയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top