മറയൂർ
തമിഴ്നാട്ടിലെ ഏറ്റവും വലുതും പഴക്കം ചെന്നതും ദ്രാവിഡവീര്യത്തിന്റെ സാക്ഷ്യവുമായ അലങ്കനല്ലൂർ ജെല്ലിക്കെട്ടിന് തുടക്കം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ നടക്കുന്ന നൂറുകണക്കിന് ജെല്ലിക്കെട്ടുകളിൽ ഏറ്റവും പ്രശസ്തമാണ് മധുരയിലെ അലങ്കനല്ലൂർ ജെല്ലിക്കെട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീർസെൽവം എന്നിവർ ചേർന്ന് ഉദ്ഘാടനംചെയ്തു. 800 കാളകളും 655 യുവാക്കളും അലങ്കനല്ലൂർ ജെല്ലിക്കെട്ടിൽ പങ്കാളികളായി. പന്ത്രണ്ട് കാളകളെ പിടികൂടിയ മധുര വീരാട്ടിപ്പെട്ടി സ്വദേശി കണ്ണന് തമിഴ്നാട് മുഖ്യമന്ത്രി ആറു ലക്ഷം രൂപ വിലയുള്ള കാർ സമ്മാനമായി നൽകി.
രണ്ടാംസമ്മാനമായി 10 കാളകളെ പിടികൂടിയ അരിട്ടാപ്പെട്ടി സ്വദേശി കറുപ്പണ്ണന് മൂന്നു ലക്ഷം രൂപ വിലമതിക്കുന്ന കറവപ്പശുക്കളെ നൽകി. മത്സരത്തിൽ പങ്കെടുത്തവർക്കും കാളകളുടെ ഉടമകൾക്കും സ്വർണനാണയങ്ങൾ, ബൈക്ക്, കറവപ്പശുക്കൾ, കാളകൾ എന്നിവ സമ്മാനങ്ങളായി നൽകി.
മധുര ഉസലാമ്പെട്ടി സ്വദേശിയായ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കാളയെ ജെല്ലിക്കെട്ട് കാളയായി തെരഞ്ഞെടുത്തു. ഉടമയ്ക്ക് ആറു ലക്ഷം രൂപ വിലയുള്ള കാർ സമ്മാനമായി ഉപമുഖ്യമന്ത്രി നൽകി. രണ്ടാംസ്ഥാനത്ത് എത്തിയ ജെല്ലിക്കെട്ട് കാളയുടെ ഉടമയായ മധുര മേലമട സ്വദേശി അരുണിന് ബൈക്ക് സമ്മാനമായി നൽകി. ചടങ്ങിൽ മന്ത്രിമാരായ ആർ ബി ഉദയകുമാർ, സെല്ലൂർ കെ രാജു, സി ശ്രീനിവാസൻ എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..