12 December Thursday
ഭക്ഷണ പരിശോധനയ്‌ക്ക്‌ സംയുക്ത സ്‌ക്വാഡ്‌

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കും

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
ഇടുക്കി
സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ ശക്തമാക്കാൻ കലക്ടർ എച്ച്‌ ദിനേശന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. റവന്യു, പൊലീസ്, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നിവയുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് സംയുക്ത ഭക്ഷണ പരിശോധന നടത്താനും തീരുമാനമായി. 
 നിലവിൽ മൂന്നാറിലും തേക്കടിയിലും 15 ടൂറിസം പൊലീസുകാരാണുള്ളത്. തിരക്കുള്ള സമയങ്ങളിൽ ഇവിടെ കൂടുതൽ പൊലീസുകാരെ വിന്ന്യസിക്കും. കൂടാതെ വാഗമൺ, തേക്കടി, മൂന്നാർ എന്നിവിടങ്ങളിലുള്ള ഔട്ട്പോസ്റ്റുകളിൽ ടൂറിസം പൊലീസിന്റെ മുഴുവൻ സമയ സേവനവും ലഭ്യമാക്കും. പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഘട്ടമായി നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും തീരുമാനമായി.
കൂടുതൽ തിരിക്കുള്ള സമയങ്ങളിൽ സുരക്ഷിതമല്ലാത്ത ഭക്ഷണ വിതരണം, അനധികൃത സവാരി, റൈഡ് എന്നിവ നിയന്ത്രിക്കുന്നതിന് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ രജിസ്ട്രേഷൻ കർശനമാക്കാനും വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന ഉടൻ ആരംഭിക്കും. തിരിച്ചറിയൽ കാർഡില്ലാതെ സഞ്ചാരികളെ താമസിപ്പിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും. വഴിയരികിൽ ഭക്ഷണം പാകം ചെയ്യുന്നതിന് നിയന്ത്രണവും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിന് നിരോധനവും ഏർപ്പെടുത്താനും യോഗം തീരുമാനിച്ചു
 യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ്‌കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി എ ആന്റണി, ജിയോളജിസ്റ്റ് ഡോ. ബി അജയകുമാർ, എസ്‌ഐ റോയ് ജോസഫ് എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top