05 December Thursday
അംബാനിക്ക് വേണ്ടി ബിഎസ്എൻഎല്ലിനെ കൊല്ലുന്നു

ഡിവൈഎഫ്‌ഐ മാർച്ചിൽ പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

 

 
കട്ടപ്പന 
അംബാനിക്ക്‌ വേണ്ടി ബിഎസ്എൻഎല്ലിനെ കൊല്ലുന്നു എന്ന മുദ്രാവാക്യം ഉയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു. ശമ്പളം കുടിശ്ശികയാക്കിയും തൊഴിലാളികളെ വഞ്ചിച്ചും ബിഎസ്എൻഎല്ലിനെ തകർക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനോടകം കേരളത്തിൽ മൂന്ന് തൊഴിലാളികൾ ആത്മഹത്യ ചെയ്‌തു. പത്തുമാസമായി തൊഴിലാളികൾക്ക്‌ ശമ്പളം ലഭിക്കുന്നില്ല. ശമ്പള കുടിശ്ശികപോലും കിട്ടുമെന്ന് ഉറപ്പില്ലാതെയാണ് സ്ഥിരം ജീവനക്കാർ സ്വയം വിരമിക്കലിന് ഒരുങ്ങുന്നത്. എണ്ണായിരം കരാർ തൊഴിലാളികൾക്കാണ് കേരളത്തിൽ തൊഴിൽ നഷ്ടമാകുന്നത്. ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും കിട്ടാതെ തൊഴിൽ നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു.
 30 വർഷത്തോളം തുച്ഛമായ വേതനത്തിന് തൊഴിലെടുത്ത 2000 ത്തോളം തൊഴിലാളികളെ പിരിച്ചുവിട്ടു. അംബാനിക്കുവേണ്ടി ബിഎസ്എൻഎല്ലിനെ തകർക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ്‌ പരിസരത്തുനിന്നുമാരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ പ്രവർത്തകർ പങ്കെടുത്തു. ടൗൺ ചുറ്റി ബിഎസ്‌എൻഎൽ ഓഫീസ്‌ പരിസരത്ത്‌ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. പ്രതിഷേധ യോഗം സിഐടിയു ജില്ലാ സെക്രട്ടറി കെ എസ്‌ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി പി സുമേഷ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്‌ണൻ, മുൻ സംസ്ഥാന കമ്മിറ്റിയംഗം കെ പി സുമോദ്‌, കട്ടപ്പന ബ്ലോക്ക്‌ സെക്രട്ടറി ജിബിൻ മാത്യു, പ്രസിഡന്റ്‌ ടിജി എം രാജു എന്നിവർ സംസാരിച്ചു.
 
 
 
പ്രധാന വാർത്തകൾ
 Top