13 November Wednesday
നവംബറിൽ നിർമാണോദ്ഘാടനം

രാജാക്കാട്ടിൽ രാജപാതയൊരുക്കാൻ 304 കോടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
രാജാക്കാട്
മലയോര ജനതയുടെ വികസന സ്വപ്‌നങ്ങൾക്ക്‌ പുത്തനുണർവേകി രാജാക്കാട് പഞ്ചായത്തുവഴി പോകുന്ന മൂന്ന് റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കും. 304 കോടി രൂപയാണ് വിവിധ പദ്ധതികളിൽപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇതോടെ ഹൈറേഞ്ചിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ്‌ നാട്ടുകാരുടെ പ്രതീക്ഷ. രാജാക്കാട്– -മൈലാടുംപാറ റോഡിന് 17 കോടി രൂപയും ചെമ്മണ്ണാർ– ഗ്യാപ് റോഡിന് ലോകബാങ്കിന്റെ 133 കോടിയും ഉടുമ്പൻചോല–- ചിത്തിരപുരം റോഡിന് കിഫ്ബിയുടെ 154 കോടി രൂപയുമാണ് അനുവദിച്ചത്‌. ചെമ്മണ്ണാർ– ഗ്യാപ് റോഡിന്റെ നിർമാണ ചുമതല നവകേരള നിർമാണത്തിനായുള്ള പൊതുമരാമത്ത് വകുപ്പിന്റെ കെഎസ്ടിപി വിഭാഗത്തിനാണ്. ടെൻഡർ നടപടി പൂർത്തിയാക്കി നവംബറിൽതന്നെ നിർമാണോദ്ഘാടനം നടത്താൻ സാധിക്കുമെന്ന്‌ അധികൃതർ അറിയിച്ചു. 
മൂന്ന്‌ റോഡും ഏഴുമീറ്റർ വീതിയിൽ ഉയർന്ന നിലവാരത്തിലുള്ള ബിഎം ആൻഡ്‌ ബിസി ടാറിങ്ങാണ്‌ നടത്തുക. വീതിക്കുറവുള്ള സ്ഥലങ്ങളിൽ സ്ഥലം ഏറ്റെടുത്ത്‌ നൽകേണ്ടത് റോഡ് പോകുന്ന വഴികളിലുള്ള പഞ്ചായത്തുകളാണ്. അതിനായി പൊതുമരാമത്ത് അധികൃതർ മന്ത്രി എം എം മണിയുടെ അധ്യക്ഷതയിൽ മുൻ എംപി ജോയ്സ് ജോർജ്‌, റോഡ് കടന്നുപോകുന്ന സ്ഥലങ്ങളിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, പൊതുമരാമത്ത്, വൈദ്യുതി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗം കഴിഞ്ഞ വർഷം രാജാക്കാട് ചേർന്നിരുന്നു. കൂടുതൽ വീതി ആവശ്യമായി വരുന്ന സ്ഥലങ്ങളിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്തുനൽകാമെന്നാണ്‌ യോഗതീരുമാനം. അതിൻപ്രകാരമാണ് പിഡബ്ല്യൂഡി റോഡ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്‌. കലുങ്കുകൾക്കും പാലങ്ങൾക്കും വീതികൂട്ടിയും കയറ്റം ക്രമപ്പെടുത്തിയുമാണ് റോഡ് നിർമിക്കുക. 
  ഉടുമ്പൻചോല, സേനാപതി, രാജകുമാരി, രാജാക്കാട്, ബൈസൺവാലി, പള്ളിവാസൽ പഞ്ചായത്തുകളിലൂടെ റോഡുകൾ പോകുന്നുണ്ട്‌. 11 കിലോമീറ്റർ ദൂരം വരുന്ന രാജാക്കാട്–- മൈലാടുംപാറ റോഡിൽ സ്ലീവാമല പാലം ഹിൽ ഹൈവേയിൽപ്പെടുത്തി ബ്രിഡ്ജസ് വിഭാഗം വീതി കൂട്ടി നിർമിക്കും. തിങ്കൾക്കാട് കോളനി– വട്ടക്കണ്ണിപ്പാറ‐ കുത്തുങ്കൽ വഴിയാണ് രാജാക്കാട്– മൈലാടുംപാറ റോഡ് നിർമിക്കുന്നത്. 45.88 കിലോമീറ്റർ നീളമുള്ള ഉടുമ്പൻചോല‐ -ചിത്തിരപുരം റോഡ് ചെമ്മണ്ണാർ‐ അരിവിളംചാൽ‐ മാങ്ങാത്തൊട്ടി–- നടുമറ്റം–- എൻആർ സിറ്റി–- പുന്നസിറ്റി–- വലിയകണ്ടം–- മുല്ലക്കാനം–- കൊച്ചുപ്പ്–- കുരങ്ങുപാറ കവല–- നാൽപ്പതേക്കർ–- ടീ കമ്പനി–- ചപ്പാത്ത്–- പൊട്ടൻകാട്–- കുഞ്ചിത്തണ്ണി പാലം ജങ്ഷൻ–- ദേശീയം–- പവർഹൗസ്–- ചെകുത്താൻമുക്ക്, ചിത്തിരപുരം വഴി രണ്ടാംമൈലിലെത്തും. 
 റോഡ്‌ രാജാക്കാട് ടൗണിൽ പ്രവേശിക്കാതെ ടൗണിന് പുറത്തുകൂടിയാണ് പോകുന്നത്‌. മാങ്ങാത്തൊട്ടി, നാൽപ്പതേക്കർ, മൃഗാശുപത്രി ജങ്ഷൻ, ടീ കമ്പനി ചപ്പാത്ത്‌, ദേശീയം എന്നിവിടങ്ങളിൽ പാലങ്ങൾ വീതി കൂട്ടി നിർമിക്കും. 29.5 കിലോമീറ്റർ ദൂരം വരുന്ന ചെമ്മണ്ണാർ–-ഗ്യാപ്‌ റോഡിൽ ചെമ്മണ്ണാർ, പെൻസ്റ്റോക്ക്‌, കുത്തുങ്കൽ എന്നിവിടങ്ങളിൽ പാലങ്ങൾ വീതി കൂട്ടി നിർമിക്കും. കുത്തുങ്കൽ–- രാജാക്കാട്–- മുല്ലക്കാനം–- ജോസ്ഗിരി, കുരിശുപള്ളിക്കവല–- നാൽപ്പതേക്കർ–- ബൈസൺവാലി–- ചങ്ങനാശേരിക്കട വഴിയാണ് ഗ്യാപ് റോഡിലെത്തുന്നത്.
പ്രധാന വാർത്തകൾ
 Top