22 October Tuesday

പൂക്കളും പഴങ്ങളും പൂനിലാവിൽ അഞ്ചുനാട്‌ സുന്ദരം

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

 

 
മറയൂർ 
പൂക്കളും പഴങ്ങളും പൂനിലാവിൽ വെള്ളിക്കിരീടംപോലെ പതിക്കുന്ന വെള്ളച്ചാട്ടങ്ങളുമായി അഞ്ചുനാട്‌. പ്രകൃതിദുരന്തങ്ങൾ ഒന്നും ബാധിക്കാത്ത മറയൂർ, കാന്തല്ലൂർ മലനിരകളിൽനിന്നുള്ള കാറ്റിന്‌ കാട്ടുപൂക്കളും ചന്ദനമരങ്ങളുടെ സൗരഭ്യവും നൽകുന്ന മാസ്‌മരിക അനുഭൂതിയാണ്‌.
 മഴനിഴൽ പ്രദേശമായ ഇവിടെ വെള്ളച്ചാട്ടങ്ങളെല്ലാം ജലസമൃദ്ധമാണ്‌. തൂവാനം, കച്ചാരം, കരിമൂട്ടി, ഇരച്ചിൽപാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധിയുടെ നിറവിലാണ്. കാഴ്‌ചയ്‌ക്കൊപ്പം സുരക്ഷിതമായി കുളിക്കാനും സൗകര്യമുണ്ട്‌. 
ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് ഏർപ്പെടുത്തിയ ട്രക്കിലൂടെ തൂവാനം വെള്ളച്ചാട്ടത്തിൽ എത്താം. ബാക്കിയുള്ള വെള്ളച്ചാട്ടങ്ങളിൽ ജീപ്പുകളിൽ എത്താൻ കഴിയും. ചട്ടമൂന്നാർ വയക്കടവ് വെള്ളച്ചാട്ടങ്ങൾ, മംഗളപാറ വെള്ളച്ചാട്ടം എന്നിവ ഏതൊരു സഞ്ചാരിയുടെയും മനംകവരും.
കാന്തല്ലൂർ മലനിരകളിൽ ശീതകാല പഴവർഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വിളവെടുക്കാൻ പാകത്തിലെത്തിയ ആപ്പിളുകളാണ് സഞ്ചാരികളുടെ ഇഷ്‌ടക്കാരിൽ ഒന്നാമൻ. ബ്ലാക്ക്ബെറി, വിവിധയിനം പ്ലംസുകളും പീച്ചുകളും, സബർജൽ, ഓറഞ്ച്, നെക്ടറിൻ, സീതപഴം, പാഷൻ ഫ്രൂട്ട് തുടങ്ങിയ പഴങ്ങളുടെ വൈവിധ്യ കലവറയാണ് വിളവെടുപ്പിനായി ഒരുങ്ങിയിരിക്കുന്നത്. 
 ഓണസീസണിൽ തുടങ്ങുന്ന സഞ്ചാരികളുടെ വരവ്‌ ദീപാവലി, പൂജാ അവധി, ക്രിസ്‌മസ്‌, ന്യൂയർ വരെ നീളും. റിസോർട്ട്, ഹോം സ്റ്റേ ഉടമകളും കർഷകരുമെല്ലാം ഇക്കുറി ശുഭ പ്രതീക്ഷയിലാണ്‌. ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, വിവിധയിനം ബീൻസുകൾ തുടങ്ങിയവ വിളയുന്ന ശീതകാല പച്ചക്കറി പാടങ്ങളും കരിമ്പിൻ പാടങ്ങളും ചന്ദനക്കാടുകളും മുനിയറകളും ഭ്രമരം സൈറ്റും തേൻപാറയും ഗുഹകളും എഴുത്തുകളും ശിലാലിഖിതങ്ങളും വന്യജീവി സങ്കേതങ്ങളും നിറകാഴ്‌ചകളാണൊരുക്കുന്നത്‌. ഓഫ് റോഡ് ഡ്രൈവിന്റെ സുഖവും ഒന്നുവേറെയാണ്‌.
ചുറ്റുമുള്ള മലനിരകളിൽ മഴപെയ്യുമെങ്കിലും നിഴൽ മാത്രമുള്ള മറയൂർ സഞ്ചാരികളുടെ പ്രിയതാവളമായി മാറുകയാണ്‌. മൂന്നാറിൽനിന്ന്‌ 40 കിലോമീറ്ററും ഉദുമൽപേട്ടയിൽനിന്ന്‌ 47 കിലോമീറ്റർ ദൂരവുമാണ് മറയൂരിലേക്ക്‌. ചെലവ് കുറവുള്ള മറയൂരിൽ താമസിച്ച് മൂന്നാർ, ചിന്നാർ, അമരാവതി എന്നിവിടങ്ങൾ സന്ദർശിക്കുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചുവരുന്നു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top