24 August Saturday
പ്രളയം

പുനരധിവാസത്തിന് ചെലവഴിച്ചത് 175 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

 പ്രളയാനന്തര പുനർനിർമാണത്തിനായി ജില്ലയിൽ സർക്കാരിന്റെയും സഹകരണ വകുപ്പിന്റെയും മറ്റിതര സംഘടനകളുടെയും സഹായത്തോടെ 99 ശതമാനം പുനരധിവാസ പ്രവർത്തനങ്ങളും പൂർത്തിയായി. പുനരധിവാസത്തിനായി 175.85 കോടി രൂപയാണ് ജില്ലയിൽ ഇതിനകം ചെലവഴിച്ചത്. പുനർനിർമാണവുമായി ബന്ധപ്പെട്ട് പൂർണമായി തകർന്ന 1882 വീടുകളിൽ 1724 വീടും പുനരധിവസിപ്പിച്ചു. ഇതിനായി 125.18 കോടി രൂപ ചെലവഴിച്ചു. ബാക്കിയുള്ള 158 വീടുകളിൽ 125 എണ്ണം പുതുതായി എടുത്ത ജിയോളജിക്കൽ സർവെയുടെ പശ്ചാത്തലത്തിൽ കാറ്റഗറി ഉയർത്തിയവയാണ്. ബാക്കി 33 വീടുകൾക്ക‌് സർക്കാർ സ്ഥലം നൽകിയിട്ടും മാറാൻ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നവരും വ്യക്തിപരമായ പ്രശ്നങ്ങളുമാണ‌് നിലനിൽക്കുന്നത‌്. 

     കൂടാതെ സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമയും ഗുണഭോക്താവുമായി തർക്കം നിലനിൽക്കുന്നതുമായ പ്രശ്നങ്ങൾമൂലം കാലതാമസം നേരിടുന്നവയുമുണ്ട‌്. ഭാഗികമായി തകർന്ന 7108 വീടുകളിൽ ധനസഹായത്തിന് അർഹതയുള്ള 6735 വീടുകളുടെ മുഴുവൻ തുകയും നൽകി. ഇതിനായി 50.66 കോടി രൂപയാണ് ചെലവഴിച്ചത്.  
 സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയർ ഹോം പദ്ധതി പ്രകാരം 170 വീടുകളുടെ നിർമാണം പൂർത്തിയാക്കി. ആകെ 212 വീടുകളാണ് ഇതിലൂടെ സർക്കാർ നിർമിച്ചുനൽകുന്നത്. 212 വീടുകൾക്കായി 106 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. അഞ്ചുഘട്ടങ്ങളിലായാണ് വീടുകളുടെയും നിർമാണം പൂർത്തിയാക്കിയത്. 
 ഇതിൽ 147 വീടുകളുടെയും താക്കോൽ കൈമാറി. 23 വീടുകളുടെ താക്കോൽദാനം കട്ടപ്പനയിൽ 20ന് നടക്കുന്ന ജനകീയം ഈ അതിജീവനം പരിപാടിയിൽ നൽകും. അവശേഷിക്കുന്ന 29 വീടുകൾ 31നകം പൂർത്തീകരിക്കുമെന്ന് അസിസ്റ്റന്റ് രജിസ്ട്രാർ പറഞ്ഞു.
 സർക്കാരിതര സംഘടനകളുടെ സഹായത്താൽ 57 വീടുകളും ജില്ലയിൽ നിർമിച്ചിട്ടുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട ജൂൺ 30 വരെ അപ്പീലുകൾ സ്വീകരിച്ചിരുന്നു. 2086 അപ്പീലുകളാണ് കലക്ടർക്ക് ലഭിച്ചത്. ഇതിന്റെ തുടർനടപടി സ്വീകരിച്ചുവരുന്നു.  
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top